സ്വന്തം ലേഖകൻ
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു കൊടിയേറി. ഇന്നേക്ക് ഏഴാം നാൾ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. ഇനി തൃശൂർകാർക്കു കാണാനും പറയാനും ചോദിക്കാനും ചിന്തിക്കാനും പൂരക്കാഴ്ചകളും പൂര വിശേഷങ്ങളും മാത്രം.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30നും പന്ത്രണ്ടിനുമിടയിലാണു പൂരം കൊടിയേറിയത്. പാരമ്പര്യ അവകാശികളായ താഴത്തുംപുറത്തല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ ഭൂമിപൂജ നടത്തിയ ശേഷം ശ്രീകോവിലില്‍നിന്നു പൂജിച്ച കൊടിക്കൂറ എടുത്തുകൊണ്ടുവന്നു കൊടിമരത്തില്‍ കെട്ടി, ദേശക്കാരും ക്ഷേത്രം ഭാരവാഹികളുമെല്ലാം ചേര്‍ന്ന് ഉയർത്തിയതോടെയാണ് തിരുവമ്പാടിയില്‍ പൂരം കൊടിയേറിയത്.
പാറമേക്കാവ് ക്ഷേത്രത്തിലും ഇത്തവണ 11.30നും പന്ത്രണ്ടിനുമിടയിലാണ് പൂരം കൊടിയേറ്റ് നടന്നത്. വലിയ പാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാര്‍ ആർപ്പും ആരവങ്ങളുമായി കൊടി ഉയർത്തിയോടെ പാറമേക്കാവിലും പൂരം കൊടിയേറി.രണ്ടു ഘടകക്ഷേത്രങ്ങളിൽ രാവിലെ പൂരം കൊടിയേറി. ആറ് ഘടക ക്ഷേത്രങ്ങളിൽ വൈകീട്ടാണ് കൊടിയേറ്റ്.
വെള്ളിയാഴ്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെ്യും ചമയപ്രദര്‍ശനങ്ങള്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലും അഗ്രശാലയിലും ആരംഭിക്കും. അന്നുവൈകീട്ടാണ് സാമ്പിള്‍ വെടിക്കെട്ട്.
ശനിയാഴ്ചയും ചമയപ്രദര്‍ശനം തുടരും. ഞായറാഴ്ചയാണ് തൃശൂര്‍ പൂരം. മേയ് ഒന്നിന് പകല്പൂരത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ പരസ്പരം ഉപചാരം ചൊല്ലി പിരിയും.