തിരുവനന്തപുരം: നവജാത ശിശുവിനെ വില്പന നടത്തിയ സംഭവത്തിൽ കോടതിയിൽ നാളെ പോലീസ് റിപ്പോർട്ട് സമർപ്പിക്കും. ചൈൽഡ് ലൈനിന്റെ റിപ്പോർട്ടാണ് പോലീസ് സമർപ്പിക്കുന്നത്. കോടതിയുടെ നിർദേശം ലഭിച്ചശേഷമേ കേസെടുക്കാൻ സാധിക്കുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൈക്കാട് ആശുപത്രിയിൽനിന്നു നാല് ദിവസം പ്രായമായ നവജാത ശിശുവിനെ മാതാപിതാക്കൾ വില്പന നടത്തിയ വിവരം പുറത്ത് വന്നത്.
കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ കരമന സ്വദേശിനിയെ ചൈൽഡ് ലൈൻ അധികൃതരും പോലീസും ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ വിവരം വെളിപ്പെടുത്തിയത്.
കുട്ടികളില്ലാത്ത വീട്ടിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട പ്രദേശവാസികൾ ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനും പോലീസും സ്ഥലത്തെത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികളില്ലാതിരുന്ന തനിക്ക് വളർത്താനായി കുഞ്ഞിനെ വാങ്ങിയെന്ന വിവരം കരമന സ്വദേശിനിയായ വീട്ടമ്മ പോലീസിനോട് സമ്മതിച്ചിരുന്നു.
കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതും കോടതിയുടെ നിർദേശത്തെ തുടർന്ന് മാത്രമായിരിക്കുമെന്നു പോലീസ് വ്യക്തമാക്കി.