യുപി: കോടതിയിൽ ഉത്തർപ്രദേശ് പോലീസ് സമര്‍പ്പിച്ച ഒരു കുറ്റപത്രം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആളുകൾ. കൊലക്കേസിലാണു കുറ്റപത്രം. കൊല്ലപ്പെട്ടതാകട്ടെ ഒരു എലി.
വാലിൽ കല്ലുകെട്ടി എലിയെ അഴുക്കുചാലിൽ മുക്കിക്കൊന്നെന്നാണു കേസ്. കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിൽ ബുദൗൺ കോടതിയിൽ 30 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്.
ശ്വാസംമുട്ടിയാണു മരണം സംഭവിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. പിഴവുകളൊന്നും കൂടാതെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ സർക്കിൾ ഓഫീസർ അലോക് മിശ്ര പറഞ്ഞു.
മനോജ് കുമാർ എന്നയാളാണു പ്രതി. മൃഗസംരക്ഷക പ്രവർത്തകനായ വികേന്ദ്ര ശർമയുടെ പരാതിയിൽ ഇയാൾക്കെതിരേ മൃഗപീഡനത്തിന് കേസെടുക്കുകയായിരുന്നു.
പ്രതി എലിയുടെ വാലിൽ കല്ലുകെട്ടി അഴുക്കുചാലിലേക്ക് എറിയുന്നത് താൻ കണ്ടെന്നു ശർമ മൊഴി നൽകിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം 10 രൂപ മുതൽ 2,000 രൂപ വരെ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണിത്.