കൊച്ചി: ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭോപ്പാലുകാരനായ സുഹൃത്ത് അറസ്റ്റില്‍.
സംഭവവുമായി ബന്ധപ്പെട്ട് ഭോപ്പാല്‍ ചോളര്‍ റോഡ് സോമില്‍ അഹൂജയെ (25) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം. എറണാകുളം മാര്‍ക്കറ്റില്‍ തുണിക്കച്ചവടം നടത്തുന്ന ഇവര്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ക്കറ്റിനു സമീപത്തെ ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്.
അവിടെത്തന്നെ ഭക്ഷണം ഉണ്ടാക്കിയാണ് എല്ലാവരും കഴിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കാനായി പശ്ചിമബംഗാള്‍ സ്വദേശിയായ അലോഖ് ഘോഷ് സഹായിച്ചില്ലെന്നു പറഞ്ഞ് സോമില്‍ ഇയാളുമായി തല്ലുണ്ടാക്കിയിരുന്നു.
ഒടുവില്‍ കത്തിയെടുത്ത് അലോഖിനെ കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അലോഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
അതിനുശേഷം സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി.
അലോഖിനെ ഇയാള്‍ വീണ്ടും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.