ടി.പി.സന്തോഷ്കുമാര്‍
ഇടുക്കി: “മിഷന് അരിക്കൊമ്പന്’ ദൗത്യം ഇന്നു പുലര്‍ച്ചെ തുടങ്ങിയെങ്കിലും മയക്കുവെടി വയ്ക്കുന്നത് വൈകുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതിവിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ഏറെ ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് നടത്തുന്നത്.
എന്നാല്‍ ദൗത്യം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആനയെ മയക്കുവെടി വയ്ക്കാനായിട്ടില്ല.ഇന്നു രാവിലെ 6.30ഓടെ അരിക്കൊന്പനെ കണ്ടുവെന്നു റിപ്പോർട്ട് വന്നിരുന്നു. ഇതേത്തുടർന്നു മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം തയാറെടുപ്പുകളും നടത്തി.
ചിന്നക്കനാല്‍ മുത്തമ്മ കോളനി ഭാഗത്ത് ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കണ്ടതെന്നു പറയുന്നു. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.
ഒരു മണിക്കൂറിനുശേഷം നിരീക്ഷണ പരിധിയില്‍നിന്ന് ആനക്കൂട്ടം അപ്രത്യക്ഷമായി. അതിനിടെ അരിക്കൊന്പനെയല്ല കണ്ടതെന്നും ചക്കക്കൊന്പനെയാണെസ്ഥിരീകരണമുണ്ടായി.
വനം ഉദ്യോഗസ്ഥരും വെറ്ററിനറി സര്ജന്മാരും ഉള്‍പ്പെടെ 150 ഓളം വരുന്ന സേനാംഗങ്ങള്‍ എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
നാലു കുങ്കിയാനകളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഇന്നു രാവിലെ മുതല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
ദൗത്യം തുടങ്ങിയത് പുലർച്ചെ 4.30ന്
ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണ് വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സാഹസികമെന്നു കരുതുന്ന ദൗത്യത്തിനു തുടക്കമായത്. നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഉന്നത വനം ഉദ്യോഗസ്ഥരുടെ യോഗം ബേസ് ക്യാമ്പായ ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളില്‍ ചേര്‍ന്നു. ഇതോടൊപ്പം ഒരു സംഘം ആനയെ നിരീക്ഷിക്കുന്നതിനായി സിമന്റുപാലം വനമേഖലയിലേക്ക് പുറപ്പെട്ടു.
യോഗത്തിനു ശേഷം 5.30 ഓടെ രണ്ടാമത്തെ സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടു. പിന്നീട് ദൗത്യ സംഘത്തലവനും ചീഫ് വെറ്ററിനറി സര്‍ജനുമായ ഡോ. അരുണ്‍ സക്കറിയയും ആനയെ മയക്കുവെടിവയ്ക്കാനുള്ള സജ്ജീകരണങ്ങളുമായി സ്ഥലത്തേക്കു നീങ്ങി.
രാവിലെ ആറോടെ മുത്തമ്മ കോളനി ഭാഗത്ത് ആനക്കൂട്ടത്തെ കണ്ടെത്തി. കുട്ടിയാനകളും പിടിയാനകളും ഉള്‍പ്പെടുന്ന ആനക്കൂട്ടത്തെയാണ് സേനാംഗങ്ങള്‍ കണ്ടത്തിയത്.
ഉദ്യോഗസ്ഥരും വനംവകുപ്പ് വാച്ചര്‍മാരും അടങ്ങുന്ന സംഘം വിവിധ മേഖലകളില്‍നിന്ന് ആനക്കൂട്ടത്തെ നിരീക്ഷിച്ചു. കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് കൂട്ടം തെറ്റിക്കാൻ ഒന്നിലേറെ തവണ പടക്കം പൊട്ടിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.
അല്‍പ്പ നേരത്തിനുശേഷം കാട്ടാനക്കൂട്ടം ഇവിടെനിന്നു മാറി. ഇതോടെ ആനയെ കണ്ടെത്തുക എന്നത് ശ്രമകരമായി മാറി. ഇതിനിടെ മൂന്നാര്‍, കോട്ടയം ഡിഎഫ്ഒ മാരുടെ നേതൃത്വത്തിലുള്ള സംഘം 301 കോളനിയിലെത്തി.
തുടര്‍ന്ന് ദൗത്യ സേനാംഗങ്ങള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആനയ്ക്കായി തെരച്ചില്‍ ആരംഭിച്ചു.ആന നീങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലായിരുന്നു തെരച്ചില്‍ നടത്തിയത്. എന്നാല്‍ ആനയെ കണ്ടെത്താനായില്ല.
ആനയിറങ്കല്‍ ഡാമിന്റെ പരിസര മേഖലകളിലേക്ക് ആന നീങ്ങിയാല്‍ മയക്കുവെടി വയ്ക്കല്‍ സാധ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇതിനിടെ അരിക്കൊന്പൻ ഏതെങ്കിലും മേഖലയില്‍ ഉറങ്ങുകയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ആനയെ മയക്കുവെടി വയ്ക്കാനുള്ള സമയം.
ഇതിനു മുമ്പ് ദൗത്യം പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമമാണ് സംഘം നടത്തുന്നത്. എന്നാല്‍ ഇന്ന് ദൗത്യം പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.
ആനയെ മാറ്റുന്നത് അജ്ഞാതം
അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നതെന്ന കാര്യം വനം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ചു മാറ്റാനുള്ള സാധ്യതയാണ് മുന്നില്‍ നില്‍ക്കുന്നത്.
ഇതിനിടെ മയക്കുവെടി വച്ചാല്‍ ആന പരിഭ്രാന്തനായി ഓടാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനായുള്ള മുന്‍ കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
2017-ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു.എന്നാല്‍ അന്ന് 18 കിലോമീറ്റര്‍ ഓടിയ ആന മയക്കത്തില്‍ നിന്നുണര്ന്നതോടെ ദൗത്യം പാളുകയായിരുന്നു. ആന മയങ്ങിയാല്‍ കൊണ്ടുപോകാനുള്ള വാഹനം ഉള്‍പ്പെടെ സിമന്റുപാലത്ത് തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്.
വനം വകുപ്പിനു പുറമെ പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, റവന്യു തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനവും സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.