തൊടുപുഴ: വെങ്ങല്ലൂരില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളി കടത്തിക്കൊണ്ടു പോയ പതിനഞ്ചുകാരിയെ കോൽക്കത്തയില്‍ കണ്ടെത്തി. തൊടുപുഴ എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോല്ക്കൊത്തയ്ക്കടുത്ത് ദോയല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കോൽക്കത്ത സ്വദേശി സുഹൈല്‍ ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാതായത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളിയെയും കാണാതായതായി വിവരം ലഭിച്ചത്.
പെണ്‍കുട്ടിയെ കോല്‍ക്കൊത്ത ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പ്രതിയെയും പെണ്‍കുട്ടിയെയും പോലീസ് സംഘം ഇന്നു തൊടുപുഴ സ്റ്റേഷനിലെത്തിച്ചു.
മൊഴി രേഖപ്പെടുത്തിയതിനു ശേഷം കോടതിയില്‍ ഹാജരാക്കും. ഗ്രേഡ് എസ്ഐ പി.കെ.സലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയാനന്ദ് സോമന്, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് ബാബു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നീതു കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.