കോഴിക്കോട്: ബംഗളൂരുവിൽനിന്നു സ്ത്രീകളെ കോഴിക്കോട് നഗരത്തിൽ എത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ പ്രതികളുടെ ഫോൺ പരിശോധിക്കാനൊരുങ്ങി പോലീസ്.
കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളുടെയും ഫോൺ പരിശോധിച്ച് ഇടപാടുകാരെയും ഇരകളെയും കണ്ടെത്താനാണ് പോലീസ് തീരുമാനം. ഇതിനായി പ്രതികളുടെ കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.
തുടർന്ന് ഇവരെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ ഇരുവരുടെയും ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിക്കും.പ്രതികൾ ഫോണിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ഇടപാടുകാർ ബന്ധപ്പെടേണ്ട നന്പർ വെബ്സൈറ്റിൽ നൽകി വാട്സാപ് മുഖേന സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചു നൽകിയാണ് പ്രതികൾ നഗരത്തിൽ ഇടപാടുകൾ നടത്തിയിരുന്നതെന്ന് കസബ സിഐ അറിയിച്ചു.
ബംഗളൂരുവിൽനിന്ന് 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ച് വിവിധ ഹോട്ടലുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ സംഘത്തിനെ കഴിഞ്ഞ ദിവസമാണ് കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
വെബ്സൈറ്റിൽ നന്പർ നൽകിയ സംഘം ഇടപാടുകാർക്ക് വാട്സ്ആപ്പ് വഴി യുവതികളുടെ ഫോട്ടോ അയച്ചു നൽകിയാണ് ഇടപാടുകാരെ എത്തിച്ചിരുന്നുത്. ഒരാളിൽനിന്നും 3000 മുതൽ 5000 രൂപ വരെ വാങ്ങിയാണ് സംഘം വാണിഭം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.