കൊച്ചി: കുവൈറ്റില്‍നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെ ഇറാനിയന്‍ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, ഹൈബി ഈഡന് എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, പ്രതിപക്ഷ നേതാവ്, ഇറാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് കത്തയച്ചു.
എറണാകുളം കൂനമ്മാവ് പുതുശേരി വീട്ടില്‍ എഡ്വിന് (27), കടവന്ത്ര സ്വദേശികളായ ജിസ്മോന്, ജിബിന്‍ ജോസഫ്, മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന് എന്നിവരാണ് അമേരിക്കന്‍ കപ്പലായ അഡ്വാന്റേജിലുള്ളത്. ഇതില്‍ എഡ്വിന്റെ കുടുംബമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.
ഇന്ന് രാവിലെ ഒമ്പതിന് കപ്പല്‍ കമ്പനിയായ നോര്‍ത്തേണ്‍ മറൈന്‍ ഷിപ്പിംഗ് കമ്പനിയുടെ മുംബയിലുള്ള ഓഫീസില്‍നിന്ന് വിളിച്ചിരുന്നതായും പുതുതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നും എഡ്വിന്റെ സഹോദരന് ആല്വിന് പറഞ്ഞു.
കപ്പലില്‍ 24 ജോലിക്കാരാണുള്ളത്. ഒമാന്‍ തീരത്ത് വച്ച് അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കന്‍ എന്ന കപ്പല്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പല്‍ ഇറാന് നാവിക സേന അജ്ഞാത തുറമുഖത്തേക്ക് മാറ്റുകയായിരുന്നു.
കപ്പലിലെ സാറ്റലൈറ്റ് ഫോണ്‍ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ജീവനക്കാരില്‍നിന്നും പിടിച്ചെടുത്തുവെന്നാണ് വിവരം.27ന് രാത്രി ഫോണ്‍വഴിയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് എഡ്വിന്റെ ബന്ധുക്കള്‍ പറഞ്ഞു.
കപ്പല്‍ കമ്പിനിയുടെ മുംബയിലുള്ള ഓഫീസില്‍നിന്നാണ് തങ്ങളെ ബന്ധപ്പെട്ടത്. കപ്പല്‍ ഇറാന് പിടിച്ചെടുത്തുവെന്നും എന്നാല്‍ അതിന് കാരണമെന്താണെന്ന് അറിയില്ലെന്നുമാണ് കമ്പനി പറഞ്ഞത്.
23 ഇന്ത്യാക്കാര്‍ക്ക് പുറമെ ഒരു റഷ്യക്കാരനും കപ്പലിലുള്ളതായി കമ്പനി അറിയിച്ചെന്നും കുടുംബാഗങ്ങള്‍ പറഞ്ഞു. 26ന് എഡ്വിന് വീട്ടിലേക്ക് വിളിച്ചിരുന്നു. പ്രശ്നങ്ങളുള്ളതായി ഒന്നും പറഞ്ഞില്ലെന്നും മേയ് 15 ഓടെ ലീവിന് നാട്ടിലെത്തുമെന്ന് സൂചനയുണ്ടെന്നും അമ്മയോടെ പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.