നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് രാവിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 1.40 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.
പാലക്കാട് സ്വദേശികളായ എം.കെ. ഹക്കീം, സുബൈർ സുലൈമാൻ, തൃശൂർ സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽനിന്നും വന്ന എം.കെ. ഹക്കീം 788 ഗ്രാം സ്വർണ മിശ്രിതമാണ് അനധികൃതമായി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇതിന് ഏകദേശം 39 ലക്ഷം രൂപയോളം വില വരും. സ്വർണ മിശ്രിതം ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽനിന്നും എത്തിയ സുബൈർ സുലൈമാൻ എന്ന യാത്രക്കാരൻ 836 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഇതിന് 44 ലക്ഷം രൂപ വില വരും. സ്വർണ മിശ്രിതത്തിന്റെ മൂന്ന് ക്യാപ്സ്യൂളുകളാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. ഗ്രീൻ ചാനൽ വഴി പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെമടക്കി വിളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ദുബൈയിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശിയായ യാത്രകാരൻ നിസാമുദ്ദീൻ 1063 ഗ്രാം സ്വർണമാണ് ശരീരത്തിൽ ഒളിപ്പിച്ച് അനധികൃതമായി കടത്താൻ ശ്രമിച്ചത്. നാല് ക്യാപ്സ്യൂളുകളാണ് ഇയാളിൽനിന്നും പിടികൂടിയത്.
ഇതിന് 57 ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും വലിയ തോതിലുള്ള സ്വർണവേട്ട നടക്കുന്നത്. മൂന്ന് കേസുകളും സംബന്ധിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.