സിജോ പൈനാടത്ത്
കൊച്ചി: കരകാണാക്കടലില്‍ ഒറ്റയ്ക്ക് ഒരു പായ് വഞ്ചിയില്‍ 236 ദിവസം… കാറ്റിന്റെ സ്വാഭാവിക ദിശയ്ക്കനുസരിച്ച് 3,00,000 മൈല്‍ ദൂരം (ഏകദേശം 48,000 കിലോമീറ്റർ) കടല്‍യാത്ര…
കൊടുങ്കാറ്റും കൊടുംചൂടും മരവിക്കുന്ന തണുപ്പും പ്രതികല സാഹചര്യങ്ങളുമെല്ലാം തരണം ചെയ്തു വിശ്രമമില്ലാതെ സാഹസികമായി മുന്നോട്ട്… മലയാളി നാവികന് അഭിലാഷ് ടോമി ഒടുവില്‍ ഇന്നു വിജയതീരത്ത്.
ലോകത്തിനു മുന്നില്‍ ഭാരതത്തിന് അഭിമാനമേറ്റി അറ്റ്ലാന്റിക് മഹാസാഗരത്തില്‍ മലയാളി പുതുചരിത്രമെഴുതി. ഗോള്‍ഡന്‍ ഗ്ലോബ് റേസ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഏഷ്യാക്കാരന് എന്ന ബഹുമതി ഇനി മലയാളിയായ അഭിലാഷ് ടോമിയ്ക്കു സ്വന്തം.
ഫ്രാന്‍സിലെ ലേ സാബ് ലെദെലോന് തുറമുഖാതിര്ത്തിയിലേക്ക് അഭിലാഷിന്റെ ‘ബയാനത്ത്’ എന്ന പായ് വഞ്ചി പ്രവേശിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരത്തേക്കടുപ്പിക്കുന്നതിനു വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അഭിലാഷ് ലക്ഷ്യത്തിലെത്തുമെന്നു തുറമുഖത്ത് സ്വീകരിക്കാനെത്തിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. രണ്ടാം സ്ഥാനക്കാരനായാണ് അഭിലാഷ് മത്സരം പൂര്‍ത്തിയാക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ താരം കിഴ്സ്റ്റണ്‍ നോയിഷെയ്ഫര്‍ ഇന്നലെ ഒന്നാമതായി മത്സരം പൂര്‍ത്തിയാക്കി തുറമുഖമണഞ്ഞു. ഗോള്‍ഡന്‍ ഗ്ലോബ് റേസ് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ വനിതയെന്ന റെക്കോര്‍ഡോടെയാണു കിഴ്സ്റ്റണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിനിടെ ഒരുവേള കിഴ്സ്റ്റണേക്കാള് 25 നോട്ടിക്കല്‍ മൈലിന്റെ ലീഡ് അഭിലാഷ് നേടിയിരുന്നു.
നേരത്തെ അപകടത്തില്‍പ്പെട്ട നാവികനെ രക്ഷിച്ചതിന്റെ പേരിലുള്ള 23 മണിക്കൂര്‍ അധികസമയത്തിന്റെ ആനുകൂല്യവും കിഴ്സ്റ്റണുണ്ടായിരുന്നു. മൂന്നാമതുള്ള ഓസ്ട്രിയന്‍ യാത്രികന് മൈക്കല്‍ ഗുഗന്ബര്ഗറിനു മത്സരം പൂര്‍ത്തിയാക്കാന്‍ പതിനഞ്ചു ദിവസം കൂടി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കി ചരിത്രനേട്ടവുമായെത്തുന്ന അഭിലാഷ് ടോമിയ്ക്കു ഗംഭീര വരവേൽപ്പാണ് ഫ്രാന്‍സിലെ തുറമുഖത്ത് ഒരുക്കിയിട്ടുള്ളത്. അഭിലാഷിന്റെ സഹോദരന് അനീഷ് ടോമിയും ഭാര്യയും അവിടെയെത്തിയിട്ടുണ്ട്.
2022 സെപ്റ്റംബര്‍ നാലിനു ഫ്രാന്‍സിലെ ലേ സാബ് ലെദെലോനില് നിന്നായിരുന്നു അഭിലാഷിന്റെ പായ് വഞ്ചി യാത്ര ആരംഭിച്ചത്. പായ് വഞ്ചിയില്‍ വിശ്രമമില്ലാതെ തുടര്‍ച്ചയായി കാറ്റിന്റെ ഗതിക്കനുസരിച്ച് ആരുടെയും സഹായം തേടാതെയാവണം യാത്രയെന്നതാണ് ഇക്കുറി ഗോള്‍ഡന്‍ ഗ്ലോബ് യാത്രയുടെ സവിശേഷത.
16 പേരുമായി ആരംഭിച്ച മത്സരത്തില്‍ ഇപ്പോള്‍ അഭിലാഷ് ഉള്‍പ്പടെ മൂന്നു പേരാണ് അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്. 13 പേര് പ്രതികൂല കാലാവസ്ഥയോ ആരോഗ്യ പ്രശ്നങ്ങളോ മൂലം പിന്മാറി.
ഇന്ത്യന്‍ നാവികസേനയില്‍ റിട്ട. കമാന്‍ഡറായ അഭിലാഷ് കൊച്ചി കണ്ടനാട് സ്വദേശിയാണ്. വല്‍സമ്മയാണ് അമ്മ. ഭാര്യ ഊര്‍മി മാലയ്ക്കും മക്കള്‍ക്കുമൊപ്പം ഗോവയിലാണ് അഭിലാഷിന്റെ സ്ഥിരതാമസം.300 ദിവസമായിരുന്നു ഗോള്‍ഡന്‍ ഗ്ലോബ് യാത്ര പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്നത്. 236-ാം ദിവസം ലക്ഷ്യത്തിലെത്താനായെന്നതും അഭിലാഷിന്റെ വിജയത്തിനു തിളക്കം കൂട്ടുന്നു.