കുമളിയില്‍ അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്.
ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം, മയക്കുവെടിവെച്ച ശേഷം അരിക്കൊമ്പനെ ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു.
കുമളിയില്‍ വെച്ച് പൂജയോടെ ആയിരുന്നു അരിക്കൊമ്പനെ സ്വീകരിച്ചത്. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേയായിരുന്നു പൂജാകര്‍മങ്ങള്‍.
ഇത് ചര്‍ച്ച ആയതോടെയാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.
‘ഓരോ സ്ഥലത്തെ സമ്പ്രദായങ്ങളാണ്. അങ്ങനെ ചെയ്യുന്നത് അവരുടെ താത്പര്യമാണ്. അവരുടെ സന്തോഷത്തിന് വേണ്ടി ചെയ്തതായിരിക്കും. അല്ലാതെമറ്റേതെങ്കിലും തരത്തിലൊരു ഉദ്ദേശം അതിലില്ല. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്’ മന്ത്രി പറഞ്ഞു.