പത്തനംതിട്ട: ഭക്ഷണം, ബോട്ടിംഗ് ഉൾപ്പെടെയുള്ളവയുടെ നിരക്കുകൾ വർധിപ്പിച്ചതോടെ ഗവി യാത്രയുടെ ചെലവേറും. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ഗവി മേഖലയിലെ നിരക്കുകളിലാണ് വർധന.
കെഎസ്ആർടിസിയുടെ ടൂർ പാക്കേജിലും സ്വകാര്യ പാക്കേജിലും ഇതിനനുസരിച്ച് നിരക്കുകളിൽ വ്യതിയാനം ഉണ്ടാകും.160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഊണിന് 200 രൂപയാക്കി. 100 രൂപയായിരുന്ന വെജിറ്റേറിയൻ ഊണിന് 150 രൂപ നൽകണം.
പ്രവേശന ഫീസും വർധിപ്പിച്ചു. പത്തു രൂപയായിരുന്ന പ്രവേശന ഫീസ് ആളൊന്നിന് 20 രൂപയാക്കി. അരമണിക്കൂർ നീളുന്ന ബോട്ടിംഗിന്റെ നിരക്ക് 100 രൂപയിൽനിന്ന് 150 രൂപയായി ഉയർത്തിയിട്ടുണ്ട്.
കൊച്ചുപന്പയിലാണ് കെഎഫ്ഡിസി ഭക്ഷണ, ബോട്ടിംഗ് സൗകര്യം നൽകുന്നത്. കെഎസ്ആർടിസിയുടെ ടൂർ പാക്കേജിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം.
നിലവിൽ പത്തനംതിട്ടയിൽ നിന്നുള്ള ഗവി ടൂറിന് കെഎസ്ആർടിസി ഒരാളിൽനിന്ന് ഈടാക്കുന്നത് 1300 രൂപയാണ്. കെഎഫ്ഡിസി നിരക്ക് വർധിപ്പിച്ചതോടെ കെഎസ്ആർടിസിയുടെ നിരക്കും കൂട്ടേണ്ടിവരും.
കെഎസ്ആർടിസിക്കും കെഎഫ്ഡിസിക്കും ലാഭം
കെഎസ്ആർടിസി ടൂർ പാക്കേജ് ആരംഭിച്ചതോടെ ഗവി ടൂറിസത്തിലൂടെ കെഎഫ്ഡിസിയുടെ വരുമാനവും കൂടിയിരുന്നു. പാക്കേജ് നടപ്പാക്കുന്നതിനു മുന്പ് തുച്ഛമായ വരുമാനം മാത്രമായിരുന്നു കെഎഫ്ഡിസിക്കുണ്ടായിരുന്നത്.
പ്രതിമാസം 30 ലക്ഷത്തിലധികം രൂപ കെഎസ്ആർടിസിയുടെ ടൂർ പാക്കേജ് മുഖേന ഇപ്പോൾ ലഭിക്കുന്നുണ്ട്. വിവിധ ഡിപ്പോകളിൽനിന്നായി കെഎസ്ആർടിസി ഇതിനോടകം നൂറിലധികം സർവീസുകൾ ഗവിയിലേക്ക് നടത്തിക്കഴിഞ്ഞു.
മധ്യവേനലവധിക്കാലത്ത് കെഎസ്ആർടിസിക്ക് ഗവി യാത്രയ്ക്ക് മെച്ചപ്പെട്ട ബുക്കിംഗ് ലഭിച്ചിട്ടുമുണ്ട്. കെഎസ്ആർടിസി പാക്കേജിൽ ഏറ്റവും ആകർഷണീയമായിട്ടുള്ള യാത്രകളിലൊന്നായി ഗവിയാത്ര മാറിയിട്ടുണ്ട്.
സ്വകാര്യ സംരംഭകരുടെ പാര
കെഎസ്ആർടിസിയുടെ വരവോടെ ഗവി ടൂർ പാക്കേജുമായി രംഗത്തുണ്ടായിരുന്ന പല സ്വകാര്യ സംരംഭകരുടെയും വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള പാക്കേജുകൾ സ്വകാര്യ സംരംഭകർ നൽകുന്നുണ്ട്.
ഒറ്റദിവസത്തെ യാത്രയ്ക്കു കെഎസ്ആർടിസിക്കു സമാനമായ തുകയാണ് അവരും ഈടാക്കുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും കെഎഫ്ഡിസിയുടെ സഹായത്തോടെയാണ് ഭക്ഷണവും ബോട്ടിംഗ് സൗകര്യവും നൽകിയിരുന്നത്.
നിരക്ക് വർധിപ്പിക്കാൻ അവരുടെ പിന്തുണയുണ്ടെന്ന് കെഎസ്ആർടിസി ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎഫ്ഡിസി ചെയർമാന് കെഎസ്ആർടിസി കത്തു നൽകിയിട്ടുണ്ട്.