ഉപ്പുതറ: കൊച്ചുമകൻ മുങ്ങി മരിച്ചതിനു പിന്നാലെ മുത്തച്ഛനും മരിച്ചു. പുല്ലുമേട് ശങ്കരഗിരി കപ്പലുമാക്കൽ കെ.കെ . ജോസ് (66) ആണ് കൊച്ചുമകൻ നിഖിൽ മരിച്ചതിനു പിന്നാലെ മരിച്ചത്.
മൂത്ത മകൻ സുനിലിന്റെ മകൻ നിഖിൽ (17) ശനിയാഴ്ച ഉച്ചയോടെ പെരിയാറ്റിൽ കുളിക്കുന്നതിനിടെയാണ് തോണിത്തടിക്കു സമീപം ആശാൻ കയത്തിൽ മുങ്ങിമരിച്ചത്.
ഉപ്പുതറ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടുകാരന്റെ അച്ഛന് ഉച്ചഭക്ഷണം നൽകി മടങ്ങുന്നതിനിടയിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. നിഖിലിനൊപ്പം കൂട്ടുകാരൻ ബിബിനും കയത്തിൽ മുങ്ങിമരിച്ചിരുന്നു.
ചെറുപ്പം മുതൽ നിഖിൽ വളർന്നതും പഠിച്ചതും ജോസിനോടൊപ്പം കുടുംബ വീട്ടിലായിരുന്നു. രോഗിയായിരുന്നെങ്കിലും അവശനായിരുന്നില്ല. കൊച്ചു മകന്റെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ ജോസ് അസ്വസ്ഥനായിരുന്നു. രാത്രി 9.30 ഓടെയാണ് മരിച്ചത്.
ജോസിന്റെ സംസ്്കാരം നടത്തി. ഇതിനുശേഷം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നിഖിലിന്റെ മൃതദേഹം ഞായറാഴ്ച മൂന്നോടെ കുടംബവീട്ടിൽ എത്തിച്ചതിനുശേഷം റാന്നിയിലേക്ക് കൊണ്ടുപോയി. ജോസിന്റെ ഭാര്യ പെണ്ണമ്മ. മക്കൾ: സുനിൽ, വിനോദ്, കൊച്ചുമോൻ, ജെസി. മരുമക്കൾ: റിനി, റാണി, സോഫിയാമ്മ, റോബി.