കുന്നംകുളം: പന്തല്ലൂരിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് മരത്തിലിടിച്ചു മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.
മാട്ടുമ്മൽ ഇളയടുത്ത് പുത്തൻവീട്ടിൽ ആബിദ് (35), ഭാര്യ ഫെമിന (30), മരത്തംകോട് സ്വദേശി കൈക്കുളങ്ങര ഷാജിയുടെ ഭാര്യ റഹ്മത്ത് (48) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
ആംബുലൻസ് ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്.റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന അൽ അമീൻ എന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായി അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ റംഷാദിനും പരിക്കേറ്റു.
റഹ്മത്തിന്റെ ബന്ധുവാണ് ഫെമിന. പരിക്കേറ്റ ഷുഹൈബിനെ തൃശൂരിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കുന്നംകുളത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കനത്ത മഴയത്ത് ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുന്നംകുളം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.