ന്യൂഡൽഹി: 45 കോടി ചെലവിട്ട് ഔദ്യോഗിക വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ബിജെപിയുടെ പ്രതിഷേധം തുടരുന്നു.
വീട് ജനങ്ങളെ തുറന്നുകാണിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വസതിക്കു സമീപം വെള്ളിയാഴ്ചയാണ് ബിജെപി സമരം തുടങ്ങിയത്. വരും ദിവസങ്ങളിൽ വിവാദ വസതിക്ക് മുന്നിൽ വൻ പ്രതിഷേധ റാലിയടക്കം സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം.
സമീപത്തെ കെട്ടിടങ്ങളടക്കം വസതിയോട് ചേർത്ത് ഔദ്യോഗികവസതി കൊട്ടാരമാക്കി മാറ്റുകയാണ് കേജരിവാൾ ചെയ്തതെന്നാണ് ബിജെപി ആരോപിക്കുന്നു.
ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളടക്കം നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. വിവാദത്തിൽ കേജരിവാൾ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്രസർക്കാരിന്റെ ആഡംബര പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ആംആദ്മി പാർട്ടി നേതാക്കൾ പ്രതിരോധം തീർക്കുന്നത്.
2300 കോടി രൂപ ചെലവഴിച്ച് പുരോഗമിക്കുന്ന സെൻട്രൽ വിസത് പദ്ധതിയും 500 കോടി രൂപ ചെലവിട്ട് പ്രധാനമന്ത്രിക്കു പുതിയ വസതി ഒരുക്കുന്നതും ധൂർത്ത് അല്ലേയെന്ന് എഎപി ചോദിക്കുന്നു.
ഡൽഹി ലഫ് ഗവർണർ വിനയ് കുമാർ സക്സേന നവീകരണ പ്രവൃത്തികൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രേഖകൾ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നാണ് എഎപി നിലപാട്.