സാന്‍ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) ലോകമാകെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽത്തന്നെ ചില മേഖലകളിലെ പ്രവർത്തനങ്ങളെങ്കിലും നിർമിത ബുദ്ധിയുടെ കീഴിലാകുമെന്നാണു കരുതപ്പെടുന്നത്.
അതേസമയം, നിർമിത ബുദ്ധി (എഐ) ഭാവിയിൽ മനുഷ്യനു ഭീഷണിയാകുമെന്നു പ്രവചിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര് എന്നറിയപ്പെടുന്ന ജഫ്രി ഹിന്റണ്‍.
കഴിഞ്ഞ ദിവസം ഗൂഗിള്‍ വിട്ട ജഫ്രി ഹിന്റണ്‍ നടത്തിയ ഈ പരാമര്‍ശം ആഗോളതലത്തില്‍തന്നെ ചര്‍ച്ചായായിട്ടുണ്ട്. എഐ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നതിനിടെയുള്ള ഈ വെളിപ്പെടുത്തല്‍ എന്നതു ഗൗരവം വർധിപ്പിക്കുന്നു.
നിലവില്‍ നിർമിതബുദ്ധിക്കു മനുഷ്യബുദ്ധിയെ വെല്ലാന്‍ സാധിക്കില്ല. എന്നാല്‍ ഭാവിയില്‍ ഇതായിരിക്കില്ല സ്ഥിതി. അതിനാല്‍തന്നെ എഐയില്‍ വലിയ അപകടം മറഞ്ഞിരിക്കുന്നു.
ഇതുവരെ എഐയ്ക്കുവേണ്ടി ചെയ്ത ഗവേഷണങ്ങളില്‍ പാശ്ചാത്താപം ഉണ്ടെന്നും മാനവരാശിക്കു നിർമിതബുദ്ധി വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് താൻ ഗൂഗിള്‍ വിട്ടതെന്നും 75കാരനായ ജഫ്രി ഹിന്റണ്‍ പറയുന്നു.
വരുംനാളുകളിൽ എഐയ്ക്കെതിരേ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.2013 മുതല്‍ ജഫ്രി ഹിന്റണ്‍ ഗൂഗിളിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തന്റെ ഭാവി പ്രവര്‍ത്തനങ്ങളെ ഗൂഗിള്‍ പോസറ്റീവായാണ് എടുത്തതെന്നു ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിൽ ഹിന്റണ്‍ പറഞ്ഞു.
ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്കും ടെസ്ല സ്ഥാപകൻ എലോൺ മസ്ക്കും ഉൾപ്പെടെ പലരും ഇതിനുമുൻപും എഐ സംബന്ധിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.