കൊച്ചി: പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തുടങ്ങി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എറണാകുളം ഷേണായിസ് തിയറ്ററിന് ഉള്ളിലേക്ക് എന്‍സിപി യുവജനവിഭാഗം തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
തുടര്‍ന്ന് നാലു പ്രവര്‍ത്തകരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എറണാകുളം സെന്‍ട്രല്‍ എസിപി സി.ജയകുമാര്‍, സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
റിലീസിനു മുമ്പേ ഹിന്ദി ചിത്രമായ ദി കേരള സ്റ്റോറി വിവാദം സൃഷ്ടിച്ചിരുന്നു. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഐ.എസ് റിക്രൂട്ട്മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയിലര്‍ റിലീസിന് പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതുവലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ രണ്ട് മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തീയറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.സബ്ടൈറ്റില്‍ പരിഷ്കരിക്കുകയും മലയാള ഗാനത്തിന് സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മുപ്പത് തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.