ആരാണാ ദമ്പതികള്‍? പ്രണയകാവ്യം പോലൊരു അപൂര്‍വ്വചിത്രം, ദമ്പതികളെ അന്വേഷിച്ച് ഫോട്ടോഗ്രഫര്‍ ലോകസഞ്ചാരത്തിനൊരുങ്ങുന്നു

Photographer-searches-for-mystery-newlyweds-he-spotted-on-cliff copyഅസ്തമയത്തിന്റെ വര്‍ണചാരുതയില്‍ മൈക്ക് കാരസ് എടുത്ത ആ ഫോട്ടോ ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന ഒന്നായിരുന്നു. മൈക്ക് കാരസ് കൂട്ടുകാരുമൊത്ത് ഒരു സായാഹ്നം ചെലവിടാനായിരുന്നു യോസ്മിറ്റ് നാഷണല്‍ പാര്‍ക്കിലെത്തിയത്. അപ്പോഴാണ് മലമുകളില്‍ ഒരു അസാധാരണ കാഴ്ച മൈക്ക് കാണുന്നത്. വിവാഹവസ്ത്രം ധരിച്ച ഒരു യുവതി ചെങ്കുത്തായ മലയുടെ മുനമ്പില്‍ നില്‍ക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ അവളുടെയൊപ്പം ഒരു പുരുഷനുമുണ്ട്് അവളുടെ ഭര്‍ത്താവാകാം അത്. ഉയര്‍ന്ന മലയുടെ മുനമ്പില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു. പ്രകൃതിയുടെ പ്രശാന്തതയില്‍ അവര്‍ വിലയം പ്രാപിച്ചിരിച്ചിരുന്നു എന്നു തോന്നിക്കുമായിരുന്നു. ആ നിമിഷം മൈക്കിന്റെ ഉള്ളിലെ സൗന്ദര്യാത്മകത അവനെ പ്രലോഭിപ്പിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല മൈക്ക് തന്റെ ക്യാമറയില്‍ ആ അപൂര്‍വ സുന്ദര പ്രണയരംഗം ഒപ്പിയെടുത്തു.

വിദൂരതയിലായതിനാല്‍ ആരാണാ ദമ്പതിമാര്‍ എന്നറിയാന്‍ മാര്‍ഗമൊന്നുമില്ലായിരുന്നു, ഇങ്ങനെയൊരു സുന്ദരനിമിഷം പകര്‍ത്താന്‍ സാധിക്കുന്നത് ഒരാളുടെ ആയുഷ്കാലത്ത് ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നാണ് മൈക്ക് പറയുന്നത്. ഇതിനെ ഒരു സര്‍റിയലിസ്റ്റിക് സംഭവമായും മൈക്ക് വിശേഷിപ്പിക്കുന്നു. എന്നാല്‍ ചിലര്‍ പറയുന്നത് ദമ്പതികളെ പോസ് ചെയ്ത് നിര്‍ത്തി മൈക്ക് മന:പ്പൂര്‍വമെടുത്ത ചിത്രമാണിതെന്നാണ്. അതല്ലെങ്കില്‍ ദമ്പതികളുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം മൈക്ക് മോഷ്ടിച്ചതാവാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഈ രണ്ട് ആരോപണങ്ങള്‍ക്കും വേണ്ടത്ര അടിസ്ഥാനമില്ലാത്തതിനാല്‍ ഫോട്ടോയുടെ ക്രെഡിറ്റ് തല്‍ക്കാലം മൈക്കിനു തന്നെയാണ്.

ഈ ഫോട്ടോയെടുത്തതിനു ശേഷം സൂര്യസ്തമയത്തില്‍ പോസു ചെയ്യുന്ന ദമ്പതികളെ താന്‍ അന്വേഷിക്കുന്നുണ്ടെന്നും മൈക്ക് പറയുന്നു. ഫോട്ടോയിലെ ദമ്പതികളെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരണമെന്നാണ് സുഹൃത്തുക്കളുടെയും അഭിപ്രായമെന്നും മൈക്ക് പറയുന്നു. ദമ്പതികളെ കണ്ടെത്താനാവുമെന്ന അമിതപ്രതീക്ഷയൊന്നും തനിക്കില്ലെന്നും മൈക്ക് കൂട്ടിച്ചേര്‍ക്കുന്നു. ആ ഫോട്ടോയിലുള്ള ദമ്പതികള്‍ക്ക് അജ്ഞാതരായി തുടരാനാണ് ആഗ്രഹമെങ്കില്‍ താനും അതിനോടു യോജിക്കുന്നുവെന്നും മൈക്ക് പറയുന്നുണ്ട്.” ആ ചിത്രത്തിന്റെ ഒരു കോപ്പി അവര്‍ക്കു സമ്മാനിക്കുകയാണ് എന്റെ ഏകലക്ഷ്യം. അവരുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷം പകര്‍ത്തിയ എന്നെ അവര്‍ അഭിനന്ദിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു” മൈക്കിന്റെ ഈ വാക്കുകള്‍ കേട്ടിട്ടെങ്കിലും അവര്‍ വെളിച്ചത്തുവരുമെന്നു നമുക്കു പ്രതീക്ഷിക്കാം.

Related posts