തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് പിഎയുടെ പേരിൽ വിവാദം. ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി അമേരിക്കയിൽ വച്ച് നടത്തുന്ന ചർച്ചയിൽ പങ്കെടുക്കുന്നവരുടെ സംഘത്തിൽ പിഎയുടെ പേര് ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
മുഖ്യമന്ത്രിയെ അനുഗമിക്കുന്നത് കൊണ്ടാണ് പിഎയുടെ പേര് കൂടി ഉൾപ്പെടുത്തി ഉത്തരവിറക്കിയതാണെന്നും ലോകബാങ്ക് പ്രതിനിധികളുടെ ചർച്ചയിൽ പിഎ പങ്കെടുക്കില്ലെന്നും പൊതുഭരണ വകുപ്പ് ഒടുവിൽ വിശദീകരണം നൽകുകയായിരുന്നു.
അടുത്തമാസം എട്ടു മുതൽ പതിനെട്ട് വരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അമേരിക്കൻ- ക്യൂബൻ സന്ദർശനം. രണ്ട് രാജ്യങ്ങളിലും പിഎ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ലോക ബാങ്ക് പ്രതിനിധികളുമായി 12 ന് നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി, ധനമന്ത്രി, ആസൂത്രണ ബോർഡ് ചെയർമാൻ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ റിസോഴ്സ് സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നിവരുടെ പട്ടികയിലാണ് പിഎയുടെ പേരും പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ ഉള്പ്പെടുത്തിയത്.
ചർച്ചയിൽ പിഎയും പങ്കെടുക്കുമോ എന്ന് ചില പ്രതിപക്ഷ നേതാക്കൾ സംശയമുന്നയിച്ചതോടെയാണ് ഇത് വിവാദമായത്.അതേസമയം മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് മൂന്ന് കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
വിമാനയാത്രാ ടിക്കറ്റുകൾ, താമസം, ഭക്ഷണം, സുരക്ഷ, മറ്റ് ആഭ്യന്തര യാത്രകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കണക്കാണിത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും കഴിഞ്ഞ വർഷത്തെ ലണ്ട ൻ യാത്രയ്ക്ക് ഹോട്ടൽ താമസം, ഭക്ഷണം, മറ്റു ചെലവുകൾ എന്നിവയ്ക്കു മാത്രമായി 43.14 ലക്ഷം രൂപ ചെലവായതായി ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരുന്നു.
ഇത്തവണത്തെ അമേരിക്കൻ-ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയെ കൂടാതെ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരും ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്.