എം. സുരേഷ്ബാബു
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്മാൻ ഇവന്റിൽ അയണ്മാൻ പുരസ്കാരം നേടികേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ദന്പതികൾ. അജിതാബീഗവും ഭർത്താവ് സതിഷ് ബിനൊയും ആണ് വിജയകിരീടം കരസ്ഥമാക്കിയത്.
മനുഷ്യക്കടത്തിനെക്കുറിച്ച് വാഷിംഗ്ടണ്‍ ലോ കോളജിൽ സ്കോളർഷിപ്പോടെ പഠനം നടത്തുകയാണ് അജിതാ ബീഗം. പഠനകാലയളവിലാണ് സാഹസിക മത്സരത്തിൽ പങ്കെടുത്ത് രാജ്യത്തിനും ഇന്ത്യൻ പോലീസ് സേനയ്ക്കും അഭിമാനമായ നേട്ടം കരസ്ഥമാക്കിയത്.
അയണ്മാൻ മത്സരത്തിൽ വിജയം നേടുന്ന ആദ്യ ഐപിഎസ് ദന്പതികൾ എന്ന ബഹുമതിയും ഇവർക്ക് സ്വന്തം. കുടുംബസമേതം ഇപ്പോൾ അമേരിക്കയിലാണ് അജിതാബീഗവും സതീഷ് ബിനോയും.
അയണ്മാൻ ടെക്സാസ് മത്സരം
ലോകത്തിലെ ഏറ്റവും കഠിനവും സാഹസികവുമായ കായിക മത്സരയിനമാണ് അമേരിക്കൻ ചാന്പ്യൻഷിപ്പായ അയണ്മാൻ ടെക്സാസ്. മൂന്ന് മത്സരയിനങ്ങളിൽ വിജയികളാകുന്നവർക്ക് മാത്രമാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കാൻ സാധിക്കുകയുള്ളു.
നീന്തൽ, സൈക്കിളിംഗ്, മാരത്തണ്‍ എന്നിവയാണ് മത്സര ഇനങ്ങൾ. ഓരോ മത്സരവും കഴിഞ്ഞയുടൻ വേഷം മാറി അടുത്ത മത്സരത്തിൽ പങ്കെടുക്കണം അതാണ് നിയമം. വിജയിക്കാൻ കഴിയുമോയെന്ന ആശങ്കയും അന്പരപ്പും ഉണ്ടായിരുന്നു.
പിന്നീട് ആശങ്കകൾക്ക് വിട നൽകി ആത്മവിശ്വാസത്തോടെ മത്സരങ്ങളെ നേരിടുകയായിരുന്നുവെന്ന് അജിതാ ബീഗം പറഞ്ഞു.നീന്തൽ മത്സരത്തിൽ വിജയിക്കാൻ 3.8 കിലോമീറ്റർ നീന്തണം. സൈക്കിളിംഗ് മത്സരത്തിൽ 180 കിലോമീറ്റർ ദൂരം സൈക്കിളിംഗ് ചെയ്യണം.
ഏഴ് മണിക്കൂർ കൊണ്ട ് ഇത്രയും ദൂരം താണ്ട ണം. മാരത്തണ്‍ ഓട്ടമാണ് മൂന്നാമത്തെ മത്സര ഇനം. 42 കിലോ മീറ്റർ ദൂരം ഓടണം. എട്ട് മണിക്കൂർ കൊണ്ട ് 42 കിലോ മീറ്റർ മാരത്തണിൽ വിജയിക്കണം.
ഈ മൂന്ന് മത്സരയിനത്തിലും നിശ്ചിതസമയത്തിനുള്ളിലാണ് അജിതാ ബീഗം വിജയകുതിപ്പിലൂടെ ലക്ഷ്യം നേടിയത്. അജിതയുടെ ലക്ഷ്യ പൂർത്തികരണത്തിന് സതീഷും ഒപ്പം ചേരുകയായിരുന്നു.
മൂന്ന് മത്സരവും 17. 20 മണിക്കൂറിനകം പൂർത്തീകരിക്കണം. എന്നാൽ 16.19 മണിക്കൂർ നേരം കൊണ്ട ് മത്സരം പൂർത്തിയാക്കി ഇരുവരും അയണ്മാൻ ടെക്സാസ് പുരസ്കാരം കരസ്ഥമാക്കുകയായിരുന്നു.
വാഷിംഗ്ടണ്‍ സിറ്റിയിലെ മേരിലാന്റിലെ നോർത്ത് ഷോർ ലേക്ക് തടാകത്തിലായിരുന്നു മത്സരയിനത്തിലെ ആദ്യ ഇനമായ നീന്തൽ. നല്ല ആഴമുള്ള തടാകത്തിലാണ് 3.8 കിലോമീറ്റർ ദൂരം അജിതാബീഗം നീന്തിയത്. രാവിലെ ഏഴിനായിരുന്നു നീന്തൽ മത്സരം.
2000 മത്സരാർഥികൾ പങ്കെടുത്തിരുന്നു. വിജയിക്കാനായത് കുറച്ച് പേർക്ക് മാത്രം. പ്രധാന മത്സരാർഥിയായ അജിതയോടൊപ്പം സതീഷും മത്സരത്തിൽ ചേരുകയായിരുന്നു. രണ്ട ് പേർക്കും ഒരുമിച്ച് മത്സരത്തിൽ പങ്കെടുക്കാൻ വ്യവസ്ഥയുണ്ടായിരുന്നു.
സതീഷ് ബിനോ കഴിഞ്ഞ സെപ്റ്റംബറിൽ മെരിലാന്റിൽ സംഘടിപ്പിച്ച മത്സരത്തിൽ അയണ്‍മാനായി വിജയിച്ചിരുന്നു. അജിതയുടെ ആദ്യ മത്സരമായിരുന്നു മെരിലാന്റിൽ കഴിഞ്ഞ മാസം അവസാനം നടന്നത്.
മൂന്ന് വർഷത്തെ കഠിനപരിശീലനത്തിന് ശേഷമാണ് അജിത വിജയകിരീടം കരസ്ഥമാക്കിയത്. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാഡമിയിൽ സേവനമനുഷ്ഠിക്കവെയാണ് നാലര വർഷം മുൻപ് അജിത അയണ്‍മെൻ മത്സരത്തെക്കുറിച്ച് മനസിലാക്കുന്നത്.
വഴികാട്ടി ആയത് എൻഡിആർഎഫ് ഡിജിപി അതുൽ കർവാൾ
ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാഡമിയിലെ ഡയറക്ടറായിരുന്ന അതുൽ കർവാൾ ഗോവ അയണ്മാൻ മത്സരത്തിൽ പങ്കെടുത്തിരുന്നു.
അദ്ദേഹം അജിതയ്ക്കും സതീഷിനും മത്സരത്തിന്റെ കാര്യങ്ങൾ വിവരിച്ച് കൊടുക്കുകയും പരിശീലനം നൽകുകയും ചെയ്തുവെന്ന് അജിതാ ബീഗവും സതീഷ് ബിനോയും രാഷ്ട്രദീപികയോട് പറഞ്ഞു.
എവറസ്റ്റ് കൊടുമുടി കയറിയ സാഹസികൻ കൂടിയാണ് അതുൾ കർവാൾ. ഇദ്ദേഹത്തിന്റെ നിർദേശാനുസരണം ഹൈദരാബാദിലെ റിംഗ് റോഡുകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും അയണ്മാൻ നേടാൻ പരിശീലനം നടത്തിയിരുന്നു.
മനുഷ്യക്കടത്ത് വിഷയത്തിൽ പഠനം നടത്താൻ അമേരിക്കയിലെ വാഷിംഗ് ടണ്‍ നിയമ കോളജിൽ ഇപ്പോൾ പഠനം തുടരുകയാണ് അജിത. അയണ്‍മെൻ മത്സരത്തിൽ പങ്കെടുക്കാൻ ഏറ്റവും കുടുതൽ പിന്തുണയും പ്രോത്സാഹനവും നൽകിയത് തന്റെ ഭർത്താവായ സതീഷാണെന്ന് അജിത പറഞ്ഞു.
ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടായിരിക്കണം എങ്കിൽ മാത്രമെ വിജയിക്കാൻ കഴിയുകയുള്ളുവെന്നാണ് അജിത വ്യക്തമാക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് ശരീരത്തിന് നല്ല ക്ഷീണവും വേദനയും ഉണ്ടായിരുന്നു.
തന്റെ മനസിനെക്കൊണ്ട ് പറയിപ്പിച്ച് ശരീരത്തിന്റെ വേദനകൾ അകറ്റി വിജയപഥത്തിലെത്താൻ സാധിച്ചുവെന്ന് അജിത പറഞ്ഞു. വളർന്ന് വരുന്ന പുതിയ തലമുറയും ഓരോ ലക്ഷ്യങ്ങൾ മനസിൽ സൂക്ഷിച്ച് കൊണ്ട് കഠിനപരിശ്രമം ചെയ്താൽ അതിൽ ഉറപ്പായും വിജയിക്കാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
2008 കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് ഡിഐജിമാരായ അജിതാബീഗവും സതിഷ് ബിനോയും. കോയന്പത്തൂർ സ്വദേശിയാണ് അജിത. തമിഴ്നാട്ടിലെ മാർത്താണ്ഡം സ്വദേശിയാണ് സതീഷ്. അജിതയുടെ ആദ്യ നിയമനം കാഷ്മീരിലായിരുന്നു.
2009 മുതൽ 2010 വരെ കാഷ്മീരിൽ എഎസ്പിയായി സേവനമനുഷ്ഠിച്ചു. 2012ൽ കേരളത്തിലെത്തി. തൃശൂർ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം ഡിസിപി, വയനാട് എസ്പി, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ, ക്രൈംബ്രാഞ്ച് എസ്പി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അമേരിക്കയിലെ പഠനം പൂർത്തിയാക്കി ജൂലൈയിൽ കേരളത്തിൽ അജിത മടങ്ങിയെത്തും. പത്ത് വയസുകാരനായ മകൻ അർഹാൻ, ആറ് വയസുകാരിയായ മകൾ അർഷിത ഉൾപ്പെടെ കുടുംബസമേതമാണ് അജിത ഇപ്പോൾ വാഷിംഗ്ടണിൽ ഉള്ളത്.