കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടുപേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
എബനേസര്‍, ശ്രീരാജ് എന്നിവരെ കണ്ടെത്തുന്നതിനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. എബനേസര്‍ പോക്സോ, മോഷണക്കേസുകളിലും ശ്രീരാജ് മോഷണക്കേസുകളിലും പ്രതിയാണ്.
മുളവുകാട് പള്ളത്തില്‍ പൊന്നാരിമംഗലം സ്വദേശികളായ പള്ളത്തില്‍ വീട്ടില്‍ അക്ഷയ് (19), ചുള്ളിക്കല്‍ വീട്ടില്‍ കെ.എ. സാജു (27), വേവുകാട് വീട്ടില്‍ ഫ്രാന്‍സിസ് ജോസഫ് (37), കുറ്റിക്കപ്പറമ്പില്‍ ആന്റണി ലൂയിസ് കൊറായ (49) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി മുന്‍ പരിചയമുള്ള പാലക്കാട് സ്വദേശിയെ ഒന്നാംപ്രതി പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് അവശനാക്കി പണം കവര്‍ന്നതാണ് കേസ്.
പ്രതികളില്‍ നിന്നും രക്ഷപെട്ട് തൊട്ടടുത്തുള്ള വീട്ടിലെത്തിയ യുവാവ് പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുളവുകാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തില്‍ എസ്ഐ സുനേഖ്, എഎസ്ഐ ശ്യാം കുമാര്‍, എസ്സിപിഒമാരായ പി.വി. സുരേഷ്, അരുണ്‍ ജോഷി, സിപിഒ ജയരാജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.