നഗ്നത കാണാവുന്ന കണ്ണടകള്‍ നല്‍കാമെന്നു പറഞ്ഞ് ആളുകളെ കെണിയില്‍പ്പെടുത്തി തട്ടിപ്പു നടത്തിയ സംഘം പിടിയില്‍.
മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടി.
തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത്.
നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യില്‍നിന്ന് ആറു ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി.
തുടര്‍ന്ന് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജിലെത്തി പോലീസ് പരിശോധന നടത്തി.
ഇവരില്‍നിന്ന് കൈത്തോക്ക്, വിലങ്ങുകള്‍, നാണയങ്ങള്‍, കണ്ണട ഉള്‍പ്പെടെ നിരവധി സാമഗ്രികള്‍ പിടികൂടി. പിന്നീട് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അസാധാരണ തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്.
ഇത്തരത്തില്‍ നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന പേരില്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്കി.
ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നല്കി ഓര്‍ഡര്‍ ചെയ്യാമെന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.
ഇതില്‍ പ്രലോഭിതരായി എത്തുന്ന ആളുകളെ ഇവര്‍ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നല്‍കും.
എന്നാല്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. പിന്നീട് കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും.
തുടര്‍ന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ ആവശ്യപ്പെടും. ഇത് നല്കാന് ആളുകള്‍ വിസമ്മതിക്കുന്നതോടെ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും.
ഇവരുടെ കൂട്ടത്തില്‍ രണ്ടു പേര് പോലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തുനില്ക്കുന്നുണ്ടാകും.
തുടര്‍ന്ന് ഇവര്‍ റൂമിലേക്കു കടന്നുവരും. പണം നല്കി നഗ്നത കാണാന്‍ തയാറായ ആളുകളെ ഇവര്‍ കണക്കിനു പരിഹസിക്കും. ഒടുവില്‍ ഇവര്‍ പണം നല്കി മുങ്ങുകയാണ് പതിവ്.
മാനഹാനി ഭയന്ന് ഇരകള്‍ പോലീസില്‍ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു ഇവരുടെ മുതല്‍ക്കൂട്ട്.
ഇത്തരത്തില്‍ തുടര്‍ച്ചയായി തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍വച്ച് സംഘം അറസ്റ്റിലാകുന്നത്.