കോട്ടയം: ഉത്തരവാദിത്വം ഏറ്റെടുത്ത ടിടിഇയില്നിന്നു യുവതി നേരിട്ടതു സഹിക്കാവുന്നതിനപ്പുറം. നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്ക് സര്‍വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്കാണു ദുരിതം നേരിട്ടത്.
യാത്രക്കിടയില്‍ യുവതിയെ കടന്നുപിടിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറ്റേത്തുമുക്ക് നിധീഷിനെ (35) യാണ് കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്.
ചൊവാഴ്ച പുലര്‍ച്ചെ ഒന്നിന് ആലുവയിലാണു സംഭവം. തിരുവനന്തപുരത്തേക്കു യുവതി ഒറ്റയ്ക്കാണു യാത ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും എക്സാമിനറോട് യുവതിയുടെ പിതാവു പറഞ്ഞിരുന്നു.
ഇതോടെ യുവതിയെ പരിചയപ്പെട്ട ടിടിഇ പുലര്‍ച്ചെ ഒന്നോടെ ഇവരുടെ കംപാര്‍ട്ട്മെന്റില്‍ എത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി തിരുവനന്തപുരം കണ്ട്രോള് റൂമിലേക്ക് ഫോണില്‍ വിളിച്ചു പരാതിപ്പെട്ടു.
തുടര്‍ന്ന് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കംപാർട്ട്മെന്റിൽ എത്തി ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.