അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്സിഷന് കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
എനര്‍ജി ട്രാന്സിഷന് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകള്‍ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്.
ഇത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നാണ് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോര്‍ട്ട്.
ട്രാന്സ്പോര്ട്ടേഷന് മേഖലയില്‍ 80 ശതമാനവും ഡീസലാണ് ഉപയോഗിക്കുന്നത്. എന്നാല്‍, മലിനീകരണ മുക്തമായ ഗതാഗത സംവിധാനത്തിനായി യാത്ര വാഹനങ്ങളും ചരക്ക് വാഹനങ്ങളും സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിലവില്‍ 6.2 ശതമാനം സി.എന്‍.ജി. വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. 2030-ഓടെ ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
അതിനാല്‍ രണ്ടുമാസം ഉപയോഗിക്കാനുള്ള സി.എന്‍.ജി. നേരത്തേ സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിയിരിക്കുന്നത്.
ഇതിനായി നാല് വര്‍ഷമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരം നഗരങ്ങളില്‍ ഡീസലിന് പകരമായ ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങള്‍ ഉപയോഗിക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
2024 മുതല്‍ ഡീസല്‍ ബസുകള്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.