കൊച്ചി: മലയാള സിനിമ മേഖലയിലെ കള്ളപ്പണ ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി മലയാള സിനിമയിലെ ചിലനിര്‍മാതാക്കളും താരങ്ങളും ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും നീരിക്ഷണത്തിലാണ്.
മലയാള സിനിമാനിർമാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതിൽ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളുടെയും അഭിനേതാക്കളുടെയും വസതികളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. വലിയ തോതില്‍ കള്ളപ്പണ ഇടപാട് മലയാളസിനിമയില്‍ നടക്കുന്നുണ്ടെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണ് ഇഡിയുടെ തുടരന്വേഷണം.
സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തു നിന്നുമുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം.
താരങ്ങളുടെ പ്രതിഫലവും ഓവര്‍സീസും അടക്കമുള്ള കാര്യങ്ങള്‍ വിദേശത്ത് വച്ച് കൈമാറുന്നുവെന്നും അതിനാല്‍ ഇന്ത്യയില്‍ ഇവര്‍ക്ക് നികുതി അടക്കേണ്ട ആവശ്യം വരുന്നില്ലെന്നും അതേ പണം സിനിമയിലേക്ക് തന്നെ മാറ്റുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രധാന നിര്‍മാതാക്കളെ വിളിച്ചുവരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി ഇവരെ വരുംദിവസങ്ങളിലും വിളിച്ചുവരുത്തുമെന്നാണ് സൂചന.