മുംബെെ: ടൈം മാഗസിന്റെ മുഖചിത്രമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. മാഗസിന്റെ കവര്‍ സ്റ്റോറിയാകുന്ന അപൂര്‍വം ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ദീപിക. ടൈം മാഗസിന്റെ പുതിയ ലക്കത്തില്‍ ദീപികയുടെ പ്രത്യേക അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടൈം മാഗസിന് പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിരുന്നു.”ദി ഗ്ലോബല്‍ സ്റ്റാര്‍’, ദീപിക പദുകോണ്‍ ലോകത്തെ ബോളിവുഡിലേക്കു കൊണ്ടുവരുന്നു- എന്നാണ് ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയുടെ തലക്കെട്ട്.
കവര്‍ ചിത്രത്തില്‍ അയഞ്ഞ ബീജ് പാന്റ്-സ്യൂട്ട് ആണു താരം ധരിച്ചിരിക്കുന്നത്. വ്യത്യസ്തമായ മറ്റൊരു കാര്യം ദീപിക പാദരക്ഷകള്‍ ധരിച്ചിട്ടില്ല എന്നുള്ളതാണ്. “ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും ജനപ്രിയ നടി’ എന്നാണു താരത്തെ മാഗസിൻ വിശേഷിപ്പിക്കുന്നത്.
തന്റെ വിജയം, തനിക്കെതിരായ രാഷ്ട്രീയ തിരിച്ചടികള്‍, ഭര്‍ത്താവ് രണ്‍വീര്‍ സിംഗുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങള്‍ നടി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
ഹോളിവുഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന്- “എന്റെ രാജ്യത്തു വേരൂന്നി ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുക എന്നതാണ് എന്റെ ദൗത്യം’ എന്ന മറുപടിയാണ് അവര്‍ പറഞ്ഞത്.
കരിയറിലെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്ലാനിംഗോടെയല്ല താന്‍ കാര്യങ്ങളെ സമീപിക്കുന്നതെന്നും അതേസമയം തന്റെ ലക്ഷ്യങ്ങളില്‍ പരാജയം നേരിട്ടില്ലെന്നും താരം പറഞ്ഞു.
തനിക്കെതിരേ നിരന്തരമായി ഉണ്ടാകുന്ന വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധത്തിനെതിരേ യും ദീപിക തുറന്നുസംസാരിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്നു താരം പറഞ്ഞു.
അടുത്തിടെ ആയിരം കോടിയിലേറെ കളക്ട് ചെയ്ത പത്താന് സിനിമക്കെതിരേ വന്‍ പ്രതിഷേധമാണ് വിവിധ സംഘടനകള്‍ നടത്തിയത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കാവി ബിക്കിനി ധരിച്ചതാണ് കോളിളക്കമുണ്ടാക്കിയത്.
ബോളിവുഡില്‍നിന്ന് പര്‍വീണ്‍ ബാബിയാണ് ആദ്യമായി ടൈം മാഗസിന്റെ മുഖചിത്രമാകുന്നത്. 1976 ജുലൈ ലക്കത്തിലാണ് പര്‍വീണ്‍ മാഗസിന്റെ കവര്‍ സ്റ്റോറിയാകുന്നത്. തുടര്‍ന്ന് ഐശ്വര്യ റായ്, ഷാറൂഖ് ഖാന്, ആമിര്‍ ഖാന്, പ്രിയങ്ക ചോപ്ര എന്നിവർ ദീപികയ്ക്കു മുമ്പ് ടൈം മാഗസിന്റെ മുഖചിത്രമായി.