പ്രാർഥിക്കാൻ എല്ലാവർക്കും കാരണങ്ങളുണ്ട്. അടുത്തിടെ ചൈനീസ് പൗരനായ ഷാങ് എന്ന യുവാവിന്റെ പ്രാർഥന വലിയ വാർത്താപ്രാധാന്യം നേടി. ബുദ്ധമതവിശ്വാസിയായ ഇയാളുടെ പ്രാർഥനാരീതി വളരെ വിചിത്രമായിരുന്നു.
വീട്ടിൽനിന്നു രണ്ടായിരം കിലോമീറ്ററോളം യാത്രചെയ്താണ് ഷാങ് ബുദ്ധക്ഷേത്രത്തിലെത്തിയത്. വലിയൊരു സ്പീക്കർ എയർപോഡ് കൈയിൽ കരുതിയിരുന്നു.
ക്ഷേത്രത്തിലെ 71 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയ്ക്കു മുന്പിലായിരുന്നു പ്രാർഥന. പ്രാർഥനയ്ക്കു മുന്പ് എയർപോഡ് ബുദ്ധപ്രതിമയുടെ ചെവിയിൽ ഘടിപ്പിച്ചു. തുടർന്നാണ് ആഗ്രഹങ്ങളുടെ നീണ്ട പട്ടിക അവതരിപ്പിച്ചത്.
വളരെദൂരം സഞ്ചരിച്ചുവന്ന തന്റെ പ്രാർഥന ബുദ്ധനു കേൾക്കാൻ കഴിയാതെ വരരുതെന്നു കരുതിയാണ് എയർപോർഡ് ഘടിപ്പിച്ചതെന്നാണു യുവാവ് പിന്നീടു പറഞ്ഞത്.
തനിക്ക് 27 വയസായെന്നും കാറോ, വീടോ ഇല്ലെന്നും സന്പന്നനാകാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി പത്തു ദശലക്ഷം യുവാൻ (പന്ത്രണ്ടു കോടിയോളം) വേണമെന്നുമായിരുന്നു പ്രാർഥന.
അതിനു പുറമെ പെട്ടെന്നു സാധിച്ചുകിട്ടേണ്ട ഒരാഗ്രഹം കൂടിയുണ്ടായിരുന്നു. സ്നേഹിക്കാൻ സുന്ദരിയായ ഒരു കാമുകിയെ ലഭിക്കണം! ഷാങ്ങിന്റെ പ്രാർഥന ഫലം കണ്ടോയെന്നു വ്യക്തമായിട്ടില്ലെങ്കിലും വാർത്തകളിൽ ഇടംപിടിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.