കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിന് കൈമാറിയേക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് സൂചന.
ബയോമൈനിംഗ് കരാറേറ്റെടുത്ത സോണ്ട കമ്പനിയും കോര്പറേഷന് ഉദ്യോഗസ്ഥരും തീപിടിത്തത്തിന് ഉത്തരവാദികളാണെന്നാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
മാലിന്യം ബ്രഹ്മപുരത്തേക്ക് തരം തിരിക്കാതെയാണ് എത്തിച്ചിട്ടുള്ളതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാര്‍ അവസാനിക്കുന്നതിന് തലേദിവസമാണ് മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്.
കരാര്‍ തുകയില്‍ കുറച്ചു പണം സോണ്ടയ്ക്ക് കോര്പറേന് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ അവസാനിക്കാറിയിട്ടും ബയോമൈനിംഗ് പൂര്‍ത്തിയായിരുന്നില്ല. ഇതിനാല്‍ കരാര്‍ കമ്പനി തന്നെയാണ് ഇവിടെ തീയിട്ടത് എന്നാണ് റിപ്പോര്‍ട്ടിലുള്ള വിവരം.
കരാര്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ വീണ്ടും കരാര്‍ ലഭിക്കില്ലെന്ന വിലയിരുത്തലും ഇതിനു പിന്നിലുള്ളതായും വിജിലന്‍സ് വ്യക്തമാക്കുന്നു.