കൊച്ചി: മലയാള സിനിമ നിര്‍മാണ മേഖലയില്‍ കള്ളപ്പണ ഇടപാടുകള്‍ സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി ഇഡി സംശയിക്കുന്നവരില്‍ നിന്ന് വൈകാതെ മൊഴി രേഖപ്പെടുത്തിയേക്കും.
വിദേശത്തുനിന്നടക്കം കള്ളപ്പണം സിനിമ മേഖലയിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് ചില നിര്‍മാതാക്കളുടെയും നടന്മാരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സിനിമ മേഖലയില്‍ അന്വേഷണവുമായി ഇഡിയും എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു നിര്‍മാതാവില്‍നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട അതേരേഖകള്‍ തന്നെയാണ് ഇഡിയും ആവശ്യപ്പെട്ടത് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന
ചിലര്‍ നിരീക്ഷണത്തില്‍
നിര്‍മാതാക്കളായ ചില നടന്മാരും അഞ്ചോളം നിര്‍മാതാക്കളെയും കേന്ദ്ര ഏജന്‍സി നിരീക്ഷിച്ച് വരുന്നതായാണ് വിവരം. മലയാള സിനിമയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നതാണ് വിവരം.
സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെയും ചോദ്യം ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നുത്.
പണം “പ്രൊപ്പഗാണ്ട’ സിനിമകള്‍ക്കോ?
ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആശയങ്ങളുടെ പ്രചാരണത്തിനുള്ള “പ്രൊപ്പഗാണ്ട’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്.
വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തമടക്കം ഇഡി പരിസോധിക്കുന്നതായും വിവരമുണ്ട്.
നിക്ഷേപം അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച്
ചില താരങ്ങളും നിര്‍മാതാക്കളും അറബ് രാജ്യം കേന്ദ്രീകരിച്ചാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇവര്‍ നിര്‍മിക്കുന്ന സിനിമകളുടെ ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവിലാണ് കള്ളപ്പണ ഇടപാടുകള്‍. വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളിലും പരിശോധനകളും അന്വേഷണവും വൈകാതെ ഉണ്ടാകും. നിര്‍മാതാക്കളടക്കം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമാകും.