റാന്നി: പെരുനാട് ബഥനിമല, പുതുവൽ മേഖലകളിൽ കടുവയെത്തേടി പ്രത്യേക സംഘം ഇറങ്ങി. കഴിഞ്ഞ ഒരുമാസത്തിലേറെയായി കടുവയുടെ ഭീഷണി നിലനിൽക്കുന്ന സ്ഥലത്താണ് വനംവകുപ്പ് പ്രത്യേക സംഘത്തെ തെരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്.
ഒരു മാസത്തിനിടെ മൂന്നു പശുക്കളെയാണ് ഈ ഭാഗത്തുനിന്നു കടുവ ആക്രമിച്ചു കൊന്നത്.ജനങ്ങളുടെ ഭീതി അകറ്റുന്നതിനു കടുവയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനപ്രകാരം 24 പേരടങ്ങുന്ന സംഘത്തെയാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയോഗിച്ചത്.
എട്ടു പേരടങ്ങുന്ന സംഘങ്ങളായി പ്രദേശത്തു തെരച്ചിൽ നടത്തുകയാണ്. പ്രത്യേക സംഘത്തിന്റെ പരിശോധന വിലയിരുത്താൻ പ്രമോദ് നാരായൺ എംഎൽഎയും സ്ഥലം സന്ദർശിച്ചു.
10,000 രൂപ വീതം നൽകി
റാന്നി: കടുവയുടെ ആക്രമണത്തിൽ പശുക്കളെ നഷ്ടമായ ക്ഷീരകർഷകർക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം പ്രമോദ് നാരായൺ എംഎൽഎ വിതരണംചെയ്തു.
കഴിഞ്ഞ ദിവസം രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ എത്തിയപ്പോഴാണ് പശുക്കളെ കടുവ പിടിച്ചതിനാൽ കർഷകരുടെ വരുമാനം മാർഗം ഇല്ലാതായ വിവരം എംഎൽഎ ശ്രദ്ധയിൽപെടുത്തിയത്.
അടിയന്തര സഹായമായി 10,000 രൂപ വീതം മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ തുക വിതരണം ചെയ്യുകയും ചെയ്തു.വനംവകുപ്പിന്റെ ഭാഗത്തുനിന്നു നഷ്ടപരിഹാരമെന്ന നിലയിൽ കൂടുതൽ പണം പിന്നാലെ കർഷകർക്ക് എത്തിച്ചു നൽകുമെന്നും എംഎൽഎ ഉറപ്പ് നൽകി.
എംഎൽഎയോടൊപ്പം റേഞ്ച് ഓഫീസർ കെ.വി. രതീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. സുരേഷ് ബാബു, വാർഡ് മെംബർ രാജം, നെടുമൺ ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് വി.കെ. സുശീലൻ, സെക്രട്ടറി സന്ധ്യാരാജ് എന്നിവർ പങ്കെടുത്തു.
പെരുനാട്: ബഥനിമലയിൽ കടുവയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ നായ കുടുങ്ങി. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ പശു ചത്ത ബഥനിമലയോടു ചേർന്ന ഭാഗത്താണ് കൂട് സ്ഥാപിച്ചിരുന്നത്. നേരത്തെ സ്ഥാപിച്ച കൂട് പുതിയ സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രിയിലാണ് നായ കുടുങ്ങിയത്. കടുവയുടെ സ്ഥിരമായ ശല്യത്തെത്തുടർന്നാണ് കൂട് സ്ഥാപിച്ചിരുന്നത്. കടുവ കൂടിനടുത്തു വന്നെങ്കിലും അകത്തു കയറിയിരുന്നില്ല.
കടുവ ആക്രമിച്ചു കൊന്ന പശുവിന്റെ ജഡത്തിന്റെ ഒരു ഭാഗമാണ് തീറ്റയായി വച്ചിരുന്നത്. ഇതിന്റെ മണംപിടിച്ചെത്തിയ നായയാണ് കൂടിനകത്തു കയറി കുടുങ്ങിയത്.