കടുത്തുരുത്തി: വന്ദനയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുമായി നേരില്‍ക്കണ്ട് സംസാരിക്കുമെന്ന് നടനും മുന്‍ രാജ്യസാഭാംഗവുമായ സുരേഷ് ഗോപി. വന്ദനയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയെ കാണുന്നത്.
വന്ദന കൊല്ലപ്പെട്ടതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്നതിനിടെ പിതാവ് കെ.ജി. മോഹന്‍ദാസ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിതാവ് സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചുകൊള്ളാമെന്ന് സുരേഷ് ഗോപി മോഹന്‍ദാസിന് ഉറപ്പ് നല്കി. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാണ് ഇന്നലെ ഉച്ചയോടെ സുരേഷ് ഗോപി മുട്ടുചിറയിലെ വസതിയിലെത്തിയത്.
സുരേഷ് ഗോപി എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ് എഴുന്നേറ്റുനിന്നു.
മകളുടെ മരണശേഷം കരഞ്ഞുതളര്‍ന്ന് പുറത്തുനിന്നുള്ള ആരെയും കാണാന്‍ വിസമ്മതിച്ചിരുന്ന ഡോ. വന്ദനയുടെ മാതാവ് വസന്തകുമാരിയെ കാണാന്‍ മോഹന്‍ ദാസിനൊപ്പം സുരേഷ് ഗോപി മുറിയിലെത്തി.
കരഞ്ഞുതളര്‍ന്നു കിടന്ന ആ മാതാവില്‍ നിന്നും ദുഃഖം അണപൊട്ടി. അര മണിക്കൂറിലേറെ വസന്തകുമാരിയെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചശേഷം പുറത്തിറങ്ങിയപ്പോൾ കണ്ണുകള്‍ കലങ്ങിയിരുന്നു.
പുറത്ത് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും സുരേഷ് ഗോപി വികാരാധീനനായി. സമൂഹം ചില തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി, കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്റെ മകനും നടനുമായ മാധവ്, റബര്‍ ബോര്‍ഡ് മെമ്പറും ബിജെപി നേതാവുമായ എന്‍.ഹരി, ബിജു പുളിക്കക്കണ്ടം എന്നിവരും ഉണ്ടായിരുന്നു.