കൊച്ചി: കൊച്ചി പുറംകടലില്‍നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ രക്ഷപ്പെട്ടവര്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒളിച്ചതായി സൂചന. കഴിഞ്ഞ 13-ന് 2525 കിലോ ഗ്രാം തൂക്കം വരുന്ന മെത്താംഫെറ്റാമിന്‍ ആണ് നാവികസേനയും നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും ചേര്‍ന്ന് പുറംകടലില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷപ്പെട്ടവര്‍ പാക്കിസ്ഥാന് സ്വദേശികളാണെന്ന വിവരം ലഭിച്ചത്. ഇവര്‍ സ്പീഡ് ബോട്ടിലാണ് ആന്‍ഡമാന്‍ ദ്വീപിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം.
കപ്പല്‍ മുങ്ങിയെന്ന് എന്‍സിബിയുടെ സ്ഥിരീകരണം
അതേസമയം, മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് മുങ്ങിയെന്നാണ് എന്‍സിബിയുടെ സ്ഥിരീകരണം. കൂടുതല്‍ കടത്തുകാര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന് സമുദ്രഗുപ്തയില്‍ നാവികസേനക്ക് മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് മുങ്ങിയത്.
അന്വേഷണം കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലേക്കും
കേസിന്റെ അന്വേഷണം കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് എന്‍സിബിയുടെ നീക്കം. രാസലഹരി എത്തിക്കാന്‍ ലക്ഷ്യം വച്ചതില്‍ ഇന്ത്യന്‍ നഗരങ്ങളുമുണ്ടെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇന്ത്യന്‍ ശൃംഖല കണ്ടെത്തുമെന്ന് എന്‍സിബി വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത പാക്കിസ്ഥാന് പൗരനെന്ന് സംശയിക്കുന്ന ആളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഇയാള്‍ ഹാജി സലിം ലഹരി മാഫിയയിലെ കണ്ണിയാണെന്നാണ് സംശയിക്കുന്നത്. ഇയാള്‍ മുമ്പും ഹാജി സലിം സംഘത്തിന് വേണ്ടി ലഹരികടത്ത് നടത്തിയതായും വിവരമുണ്ട്.
ലഹരി വസ്തുക്കള്‍ ഹാജി സലിം സംഘത്തിന്റേത്
പുറംകടലില്‍നിന്നും പിടികൂടിയ ലഹരി വസ്തുക്കള്‍ ഹാജി സലിം ലഹരി മാഫിയ സംഘത്തിന്റേതെന്ന് പിടിയിലായ പാക്കിസ്ഥാന് സ്വദേശി വെളിപ്പെടുത്തിയതായാണ് വിവരം. നൂറിലധികം ലഹരി ലാബുകളില്‍ നിര്‍മിച്ച ലഹരി വസ്തുക്കളാണ് ഇവ.
പാക്കിസ്ഥാനില്‍ നിര്‍മിച്ച ഇവ ചെറുബോട്ടുകളിലായി വിവിധയിടങ്ങളില്‍ നിന്നെത്തിച്ചശേഷം മദര്‍ഷിപ്പിലേക്ക് മാറ്റുകയായിരുന്നു. ഇറാനില്‍ നിന്ന് ബോട്ടുമാര്‍ഗം(മദര്‍ഷിപ്പ്) ഇന്ത്യന്‍ തീരംവഴി ശ്രീലങ്കയിലേക്കും മാല്‍ദ്വീപിലേക്കും മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
ഇറാനിലെ ചാമ്പാര്‍ പോര്‍ട്ടില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ മയക്കുമരുന്നുണ്ടെന്നും എന്‍സിബിക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
ഉടന്‍ നാവിക സേനയ്ക്ക് ഈ വിവരം കൈമാറിയ ശേഷം തുടര്‍ന്നുള്ള നീക്കങ്ങളും ഊര്‍ജിതമാക്കി. ഓട്ടോമാറ്റിക്ക് ഇന്‍ഡിക്കേറ്റ് സിസ്റ്റത്തിലൂടെ ബോട്ടിന്റെ നീക്കം തിരിച്ചറിഞ്ഞ നാവിക സേന പിന്തുടരുകയായിരുന്നു
കടലില്‍ തള്ളിയ പാഴ്സലുകള്‍ കണ്ടെത്താന്‍ ശ്രമം
നാവികസേനയുടെ കപ്പലുകളും ഹെലികോപ്ടറും പിന്തുടര്ന്നപ്പോള് മയക്കുമരുന്ന് സംഘം കടലില്‍ തള്ളിയ ലഹരി പാഴ്സലുകള്‍ കണ്ടെത്താനുള്ള ശ്രമം നാവികസേനയുടെ സഹായത്തോടെ എന്‍സിബി ആരംഭിച്ചു.
വെള്ളം കയറാത്ത രീതിയില്‍ പൊതിഞ്ഞാണ് ലഹരി പാഴ്സലുകള്‍ കടലില്‍ തള്ളിയിരിക്കുന്നത്. ഇത് ജിപിഎസ് സംവിധാനം ഉപയോഗിച്ച് ലഹരി റാക്കറ്റിന് പിന്നീട് കണ്ടെത്താനാകും. അതിനു മുന്നേ ഇവ കസ്റ്റഡിയിലെടുക്കാനാണ് എന്‍സിബിയുടെ നീക്കം.