കണ്ണൂർ: മലബാറിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യസൂത്രധാരനെ ചെന്നൈയിൽനിന്നു പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇബ്രാഹിം എന്ന മുസമ്പി ഇബ്രാഹി(48) മിനെയാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിത്.
ഇയാൾക്ക് ആന്ധ്രയിൽ ഏക്കറുകണക്കിന് കഞ്ചാവ് കൃഷിയുണ്ടെന്ന് പോലീസ് പറഞ്ഞു. അവിടെനിന്നു കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാൻ രഹസ്യ അറകളുള്ള വാഹനവുമുണ്ട്.
ഈ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്. ഇയാൾ മുഖേനയാണ് കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
2022 സെപ്റ്റംബറിൽ എടക്കാട് വീട്ടിൽനിന്ന് അറുപത് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യസൂത്രധാരൻ പിടിയിലായത്. ഇയാളെ ഉടൻ കണ്ണൂരിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
എടക്കാടുള്ള ഒരു വീട്ടിൽ വിൽപനക്കെത്തിച്ച അറുപത് കിലോ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളാക്കുന്നതിനിടെയാണ് ഉളിക്കൽ സ്വദേശി ഇ. റോയിയെ പോലീസ് പിടികൂടിയത്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഷാഖിൽ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാളെയും പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ സൂത്രധാരനെക്കുറിച്ച് സൂചന ലഭിച്ചത്.