കാസര്‍ഗോഡ്: ബംഗളുരു കേന്ദ്രീകരിച്ച് കേരളത്തിലേക്കു മാരക മയക്കുമരുന്നായ എംഡിഎംഎയുടെ മൊത്തവിതരണം നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതി അറസ്റ്റില്‍.
നൈജീരിയ ലാഗോസ് സ്വദേശിനി ഹഫ്സ റിഹാനത്ത് ഉസ്മാന് എന്ന ബ്ലെസിംഗ് ജോയി(23)യെയാണ് ബേക്കല്‍ ഡിവൈഎസ്പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളുരുവിലെത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 22നു ഉദുമ പള്ളത്തുവച്ച് നടന്ന വാഹനപരിശോധനയില്‍ കാറില്‍നിന്നു 150 ഗ്രാം എംഡിഎംഎയുമായി ചെമ്മനാട് തെക്കില്‍ സ്വദേശി അബൂബക്കര്‍ (35), ഭാര്യ അമീന അസ്ര (23), ബംഗളുരു സ്വദേശികളായ എ.കെ.വസീം(32), സൂരജ് (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്ന നൈജീരിയന്‍ യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയഅന്വേഷണത്തിനൊടുവിലാണ് ബംഗളുരു യെലഹങ്കയിലെ ഫ്ളാറ്റില്‍നിന്നു ചൊവ്വാഴ്ച രാത്രി 9.30ഓടെ ഹഫ്സയെ അറസ്റ്റ് ചെയ്യുന്നത്.
ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പിടികൂടുമ്പോള്‍ യുവതിയുടെ പക്കല്‍ പാസ്പോര്‍ട്ടോ വീസയോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്ത വിവരം നൈജീരിയന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്.
മയക്കുമരുന്നു വിതരണത്തിനിടെ ഏതുസമയത്തും പിടിക്കപ്പെടാമെന്നതുകൊണ്ട് ഇവര്‍ രേഖകളെല്ലാം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ ജില്ലയില്‍ 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയതും മയക്കുമരുന്ന് ഇടപാടും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.