’
സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ നടിയാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള അഷിക, ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയിട്ടുണ്ട്.
മിസിംഗ് ഗേൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ചിത്രം 19ന് തിയറ്ററുകളിലെത്തും.തനിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് അഷിക അശോകൻ. മിസിംഗ് ഗേൾ എന്ന മലയാള ചിത്രത്തിനുശേഷം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്.
കാസ്റ്റിംഗ് കോ-ഓർഡിനേറ്ററായി ചമഞ്ഞ് ഒപ്പംകൂടിയ വ്യക്തിയാണ് തന്നെ തെറ്റായി സമീപിച്ചതെന്ന് അഷിക പറയുന്നു. ഒരു തമിഴ് സിനിമ വന്നപ്പോൾ ഞാൻ അഭിനയിക്കാൻ പോയി. എന്നെ അതിലേക്ക് വിളിച്ച ആൾ ഒരു കാസ്റ്റിംഗ് കോ ഓർഡിനേറ്റർ പോലും ആയിരുന്നില്ലെന്ന് പിന്നീട് അറിഞ്ഞു.
നയൻതാരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നത് താനെന്നാണ് അയാൾ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ആക്ടീവായി നിൽക്കുന്ന എല്ലാ പെൺകുട്ടികൾക്കും അയാൾ മെസേജ് അയയ്ക്കുന്നുണ്ട്.
ഒരുദിവസം വലിയ ഒരു തമിഴ് സംവിധായകനെ ഫോണിൽവിളിച്ച് എനിക്ക് തന്നു. അങ്ങനെയൊക്കെയാണ് എന്നെ വിശ്വസിപ്പിച്ചത്. പൊള്ളാച്ചിയിൽ വച്ചായിരുന്നു ആ സിനിമയുടെ ഷൂട്ട്. 15 ദിവസം ആയിരുന്നു ചിത്രീകരണം. ഇയാളും വന്നു.
രാത്രി ഒരുമണി ആയപ്പോൾ ഇയാൾ വന്ന് വാതിലിൽ വന്നുമുട്ടി. മാനസികമായി ബുദ്ധിമുട്ടിച്ചു. ഷൂട്ടിനുവേണ്ടി ഞാൻ കാരവാനിൽ ഇരിക്കെ ഇയാൾ വന്നിട്ട്, അഷിക ഒന്നുരണ്ട് മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ ഒരു കാർ ഒരുമാസത്തിനുള്ളിൽ വാങ്ങിതരാം എന്നുപറഞ്ഞു.
അപ്പോൾതന്നെ ഒന്നു കൊടുത്തിട്ട് ഇറങ്ങിവരാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത് എന്ന സഹതാപമാണ് തോന്നിയത്. സിനിമ ഒരു പാഷനാണ്. ആഗ്രഹമാണ്.
അല്ലാതെ നിവൃത്തികേടല്ലെന്ന് കരഞ്ഞുപറയേണ്ടിവന്നു. ദയവ് ചെയ്തു എന്നോട് ഇതും പറഞ്ഞു വരരുതെന്നും പറഞ്ഞു. ഇതാക്കെ എന്താണ്. കുറച്ചുകാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്.
ഇതൊക്കെ ഒരു മോറൽ ആണോ എന്നാണ് അയാളുടെ ചോദ്യം. എത്ര വൃത്തികെട്ട മനസാണ്. പായ്ക്കപ്പ് ദിവസം ഹോട്ടൽ മുറിയിലേക്ക് വന്നു എന്റെ കൈയിൽ കയറിപ്പിടിച്ചു.
അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണൽ ഫ്രസ്ട്രേഷനും ഞാൻ അപ്പോൾ തീർത്തു. ഞാൻ അയാളെ തല്ലി. അസോസിയേറ്റ് ഡയറക്ടർ ഓടി വന്ന് അയാളെ തല്ലി. അതോടെ അയാൾ ഇറങ്ങിയോടി. പിന്നെ അയാളെ ഞാൻ കണ്ടിട്ടില്ല. അയാൾക്ക് ഇപ്പോഴും ഇതൊക്കെതന്നെയാകും പണി- അഷിക പറഞ്ഞു.