കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഇന്ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തെ കുറിച്ച് സന്ദീപ് പോലീസിനോട് വിശദീകരിച്ചു.
ആദ്യം ആശുപത്രിയിൽ ഒപി ടിക്കറ്റെടുക്കുന്ന ഭാഗത്തേക്കാണ് സന്ദീപിനെ കൊണ്ടുപോയത്.വന്ദനയെ കൊല്ലാൻ ഉപയോഗിച്ച കത്രിക എവിടെ നിന്ന് കിട്ടിയെന്നും ഉപേക്ഷിച്ചത് എവിടെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
കഴിഞ്ഞ ദിവസം, പ്രതിയെ കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ അയല്‍വാസി ശ്രീകുമാറിന്റെ വീട്ടിലേക്കാണ് തെളിവെടുപ്പിന് ആദ്യം എത്തിച്ചത്.
ഇവിടെ നിന്നാണ് സംഭവദിവസം സന്ദീപ് പോലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും.
പ്രതിയുടെ കാലിന് പരിക്ക് സംഭവിച്ചതെങ്ങനെയെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.