കോട്ടയം: നിരവധി കായികതാരങ്ങളുടെ വളര്‍ച്ചയില്‍ ചവിട്ടുപടിയായ കോട്ടയത്തിന്റെ കായിക പരിശീലനകേന്ദ്രം ശോചനീയ അവസ്ഥയില്‍.
സ്റ്റേഡിയം കാടുകയറി നശിക്കുന്നനിലയിലാണുള്ളത്. വേനല്‍ മഴ പെയ്തതോടെ കാട് ഇരട്ടിയാകുകയും ചെയ്തു. ഇതോടെ ഇഴജന്തുക്കളുടെ ശല്യവുമേറി.
തെരുവുനായ്ക്കള്‍ താവളമാക്കിയതോടെ സ്റ്റേഡിയത്തില്‍ വ്യായാമത്തിനായി രാവിലെയും വൈകിട്ടും എത്തിയിരുന്നവര്‍ പോലും വരാതെയായി. ഫുട്ബോള്‍ കളിക്കാനെത്തിയിരുന്നവരും സ്റ്റേഡിയം ഉപേക്ഷിച്ചു.
മഴ പെയ്താല്‍ സ്റ്റേഡിയം ചെളിക്കുളമായി മാറും. സ്റ്റേഡിയത്തിനകത്തു വീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. ഇതു ദിവസങ്ങളോളം കെട്ടിക്കിടക്കും.
ഗാലറിയുടെ സ്ലാബുകള്‍ മിക്കതും അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് തകര്‍ന്നു കമ്പികള്‍ തെളിഞ്ഞനിലയിലാണ് സ്ലാബുകള്‍. ഗാലറിയുടെ അടിയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മിക്കതും ചോര്‍ച്ചയിലാണ്.
ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍. രണ്ടു തവണ സംസ്ഥാന ബജറ്റില്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിനും പണം വകയിരുത്തിയെന്നു പ്രഖ്യാപനമുണ്ടായിരുന്നു.
ആദ്യ തവണ ഒരു കോടിയും രണ്ടാം തവണ 1.25 കോടി രൂപയുമാണു പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍തന്നെ ഉറങ്ങുകയാണ്.
നാളുകള്‍ക്കു മുമ്പു സ്റ്റേഡിയത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതോടെ ബാറ്ററിയും അനുബന്ധ സാധനങ്ങളും മോഷണം പോകുകയും ചെയ്തു. ഇതോടെ രാത്രിയില്‍ കൂരിരുട്ടിലാണു സ്റ്റേഡിയവും പരിസരവും.
രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി സ്റ്റേഡിയം. പകല്‍ സമയങ്ങളില്‍ കമിതാക്കള്‍ കൂട്ടമായി എത്തുന്നതും പതിവാണ്.
കോട്ടയത്തിന്റെ കായികഭൂപടത്തില്‍ സ്ഥാനമുള്ള നെഹ്റു സ്റ്റേഡിയം സംരക്ഷിക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണു കായിക പ്രേമികളുടെ ആവശ്യം.