കാട്ടാക്കട: ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസിലെ എഫ്ഐആറിൽ ഗുരുതര പിഴവെന്ന് സൂചന. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ. വിശാഖിന്റെ പ്രായം 19 എന്നാണ് എഫ്ഐആറിലുള്ളത്.
കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകത്തതിനാലാണ് ആൾമാറാട്ടം തന്നെ നടന്നതെന്നാണ് സൂചന.
കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാലസ രജിസ്ട്രാർ നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് കേസെടുത്തത്. ഒന്നാം പ്രതി പ്രിൻസിപ്പലായിരുന്ന പ്രൊ.ജി ജെ ഷൈജുവിന് 49 വയസെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
രണ്ടാം പ്രതി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വിശാഖ് എ 19 വയസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം വിശാഖിന്റെ ജനനതീയതി, 25-09-1998 ആണ്. അതായത് ഇരുപത്തിയഞ്ച് വയസ്.
25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയത് കൊണ്ടാണ്, തെരഞ്ഞെടുപ്പിന് ശേഷം പേര് തിരുത്തി വിശാഖിനെ യുയുസി പട്ടികയിൽ ഉൾപ്പെടുത്തിയത്.
ആൾമാറാട്ടത്തിന് കാരണമായ പ്രാഥമിക വിവരം തന്നെ തെറ്റായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് പ്രതികളെ സഹായിക്കാനെന്ന ആക്ഷേപമാണ് ഉയരുന്നത്.
വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ കെഎസ്യു ഡിജിപിക്ക് പരാതി നൽകിയിൽ കേസെടുക്കാതെ അഞ്ച് ദിവസമാണ് പോലീസ് ഉഴപ്പിയത്. ഒടുവിൽ സർവ്വകലാശാലയുടെ പരാതിയിലായിരുന്നു കേസ്.
ഭരണപക്ഷ എംഎൽഎമാരടക്കം സംശയ നിഴലിലുള്ള കേസിലെ എഫ്ഐആറിലാണിപ്പോൾ പിഴവുണ്ടായെന്ന് വ്യക്തമായത്. അതിനിടെ ഇന്നലെ ആൾമാറാട്ടത്തിലൂടെ എസ്എഫ്ഐ നേതാവിൻറെ പേര് സർവ്വകലാശാശാലയെ അറിയിച്ച സംഭവത്തിൽ കോളജ് മാനേജ്മെൻറ് നടപടി പ്രഖ്യാപിച്ചു.
കോളജിൽ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പോലീസ് ശേഖരിക്കും. ഇതിന് ശേഷമാകും പ്രിൻസിപ്പൽ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുക.
പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ. വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്..
ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റത്തിനാണ് കേരള സർവ്വകലാശാല നൽകിയ പരാതിയിലെ കേസ്. പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കാട്ടാക്കട കോളജിലെ ആൾമാറാട്ട സംഭവത്തിൽ എസ്എഫ്ഐ നേതാവ് എ.വിശാഖിനെയും സസ്പെൻഡ് ചെയ്തു. പുതിയ പ്രിൻസിപ്പൽ ഡോ.എൻ.കെ.നിഷാദാണ് നടപടി സ്വീകരിച്ചത്.