കൊച്ചി: ഇലക്ട്രിക് സ്കൂട്ടര്‍ യാത്രികനെ കടവന്ത്ര എസ്എച്ചഒ ജി.പി. മനുരാജിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച സംഭവം രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും.
എസ്എച്ച്ഒ വാഹനാപകടം ഉണ്ടാക്കിയ കേസ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്. മനോജാണ് അന്വേഷിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ വിസമ്മതിച്ച തോപ്പുംപടി പോലീസിന്റെ നിലപാടില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്നാണ് കേസില്‍ എസ്എച്ച്ഒയെ പ്രതി ചേര്‍ത്തത്. യുവാവിന്റെ പരാതിയില്‍ കേസ് എടുക്കാന്‍ വൈകിയതിലുള്ള വീഴ്ച സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍ അന്വേഷിക്കും.
ആശുപത്രിയില്‍നിന്ന് അറിയിച്ചിട്ടും കേസെടുക്കാന്‍ വൈകിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഉന്നത ഉദ്യോഗസഥരുടെ വിലയിരുത്തല്‍.
കാര്‍ ഓടിച്ചത് മനുരാജ് തന്നെ
അപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചത് എസ്എച്ച്ഒ മനുരാജ് തന്നെയെന്ന് സ്ഥിരീകരിച്ചതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ട ഇദ്ദേഹത്തിന്റെ മൊഴി വരുംദിവസം രേഖപ്പെടുത്തും. സഹയാത്രികയായ വനിതാ ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തും.
എഫ്ഐആര്‍ തിരുത്തുന്നതിന് ഇന്ന് അപേക്ഷ നല്‍കും
കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസ് ഞായറാഴ്ചയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന ആള് എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ എഫ്ഐആര്‍ തിരുത്തുന്നതിന് തോപ്പുംപടി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
ഒടുവില്‍ കേസെടുത്ത് പോലീസ്
എസ്എച്ച്ഒ മനുരാജിനെ സംരക്ഷിക്കുന്ന നിലപാട് ആദ്യം മുതല്‍ തോപ്പുംപടി പോലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെ പോലീസിന് എസ്എച്ചഒയ്ക്കെതിരെ കേസ് എടുക്കേണ്ടിവന്നു. 18ന് രാത്രി 9.30 ഓടെ ഹാര്‍ബര്‍ പാലത്തില്‍ വച്ചായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചുള്ളിക്കല്‍ സ്വദേശി വിമല്‍(28) സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കടവന്ത്ര എസ്എച്ച്ഒയും വനിതാ ഡോക്ടറും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവശേഷം കാര്‍ നിർത്താതെ പോവുകയും ചെയ്തു. അപകടത്തില്‍ സാരമായ പരിക്കേറ്റ വിമല്‍ വീട്ടില്‍ വിശ്രമത്തിലാണ്.
എസ്എച്ച്ഒ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് വിമല്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വിമലും സ്കൂട്ടറും തെറിച്ചുപോയി. സംഭവത്തില്‍ ദൃക്സാക്ഷികളായ ബൈക്ക് യാത്രികരായ നാല് യുവാക്കള്‍ പിന്തുടര്‍ന്നതോടെ രണ്ടുകിലോ മീറ്റര്‍ അകലെ ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിറുത്തുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും കടവന്ത്ര എസ്എച്ച്ഒ ആണെന്ന് മനസിലാക്കി ഇരുവരെയും പോകാന്‍ അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. ഇത് എസ്എച്ച്ഒയെ സംരക്ഷിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.