കൊല്ലം: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാദാസിനെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ആശുപത്രിയിൽ നിരീക്ഷണത്തിൽ.
പ്രതിയുടെ മാനസികാരോഗ്യ അവസ്ഥ വിലയിരുത്താനാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്.
പ്രതിയുടെ ശരിയായ മാനസികാവസ്ഥ വ്യക്തമാകണമെങ്കിൽ ആശുപത്രിയിൽ കിടക്കണമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശാനുസരണം പ്രതിയെ നിരീക്ഷണത്തിലയച്ചത്. സന്ദീപ് മെഡിക്കൽ കോളജിലെ പ്രത്യേക നിരീക്ഷണ സെല്ലിലാണ്.
സന്ദീപിന്റെ റിമാൻഡ് കാലാവധി ജൂൺ അഞ്ചുവരെ നീട്ടി.ഇയാളുടെ ജാമ്യാപേക്ഷ 27ന് കോടതി പരിഗണിക്കും.വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ വനിതാകമ്മീഷനും അന്വേഷിക്കും.
വനിതാകമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം നാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തുമെന്നാണ് സൂചന.ആശുപത്രി അധികൃതർ. അന്വേഷ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും.