കൊച്ചി: അമ്മയുടെ കാമുകന് വീട്ടില്‍ സ്ഥിരമായി വരുന്നത് ചോദ്യം ചെയ്ത പതിനഞ്ചുകാരനായ മകന്റെ ഇരുകൈകളും അമ്മയും കാമുകനും അമ്മൂമ്മയും ചേര്‍ന്നു തല്ലിയൊടിച്ചു. കമ്പിവടികൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ആലുവ വിടാപ്പുഴയിൽ താമസിക്കുന്ന കുട്ടിയുടെ അമ്മ, അമ്മൂമ്മ, അമ്മയുടെ കാമുകന് ആലുവ സ്വദേശി സുനീഷ് (32) എന്നിവരെ കളമശേരി എസ്എച്ച്ഒ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
ഇരുകൈകളും ഒടിഞ്ഞ നിലയില്‍ കുട്ടിയെ ബന്ധുവാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ തോളിനും വയറിനും നെഞ്ചിനും കമ്പി വടികൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്.
ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ആലുവ സ്വദേശിയായ കാമുകന് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. വീട്ടില്‍ സ്ഥിരമായി എത്താറുള്ള ഇയാളുടെ വരവിനെ പതിനഞ്ചുകാരന് വിലക്കുകയുണ്ടായി.
ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. 15 കാരന് രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. കുട്ടികളെ വീട്ടില്‍നിന്ന് ഇറക്കി വിടാന്‍ അമ്മയുടെ കാമുകന് പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ കംപ്യൂട്ടറിന്റെ കീ ബോര്‍ഡ് കൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിച്ചിരുന്നു. സഹോദരങ്ങളായ കുട്ടികള്‍ക്കു ഇവരില്‍നിന്ന് മുമ്പ് മര്ദനമേറ്റിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ വിബിന്‍ദാസ് പറഞ്ഞു.
എസ്ഐ നജീബ്, പോലീസുകാരായ ഇഷാഖ്, ഷിബു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതികളെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.