ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ വേറൊരു പണിയുമില്ലാതെ ബോറടിച്ചിരിക്കുമ്പോള്‍ ഒരു തമാശയ്ക്കു വേണ്ടി സ്വന്തം മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിരിക്കുകയാണ് യുഎസ്സിലെ ഒരു കുടുംബം.
എന്നാല്‍ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ കുടുംബം അമ്പരന്നു പോയി. 47 കാരിയായ ഡോണ ജോണ്‍സണും അവളുടെ ഭര്‍ത്താവ് വാന്നറും ചേര്‍ന്നാണ് തമാശക്കായി രണ്ട് മക്കളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയത്.
18 കാരനായ മൂത്തമകന് വാനര്‍ ജൂനിയറിന്റെയും 12 കാരനായ ഇളയ മകന് ടിമ്മിന്റെയും ഡിഎന്‍എ ടെസ്റ്റാണ് നടത്തിയത്.
എന്നാല്‍ ഫലം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇളയ മകന് ടിമ്മിന് ദമ്പതികളുമായി ജീവശാസ്ത്രപരമായി ബന്ധമില്ലെന്നാണ് ടെസ്റ്റില്‍ തെളിഞ്ഞത്.
വാനറിന് ഹെര്‍ണിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ആദ്യത്തെ മകന്റെ ജനനത്തിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു രണ്ടാമത്തെ മകന് ടിം ജനിച്ചത്.
2008 ഓഗസ്റ്റില്‍ ആയിരുന്നു ടിമ്മിന്റെ ജനനം. ഏറെ സന്തോഷത്തോടെയാണ് ഇരുവരും ടിമ്മിനെ സ്വാഗതം ചെയ്തത്. എന്നാല്‍, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു വാര്‍ത്ത തങ്ങളെ തേടിയെത്തുമെന്ന് ഈ കുടുംബം ഒരിക്കലും കരുതിയിരുന്നില്ല.
സംഭവം അറിഞ്ഞ ശേഷം ഡോണയും വാനറും വളരെ ആശങ്കയില്‍ ആയിരുന്നു. ഏറെ സങ്കടത്തോടെയാണ് ഇരുവരും ഈ ജീവരഹസ്യം ടിമ്മിനോട് വെളിപ്പെടുത്തിയത്.
ജീവശാസ്ത്രം പരിഗണിക്കാതെ കുടുംബത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ടിമ്മിന്റെ പക്വമായ പ്രതികരണം തങ്ങള്‍ക്കിപ്പോള്‍ ആശ്വാസം നല്‍കുകയാണ് എന്നാണ് ഡോണ പറയുന്നത്.
2019 -ലാണ് കുടുംബത്തെ ആകെ ഞെട്ടിച്ച ഡിഎന്‍എ ടെസ്റ്റ് ഫലം വന്നത്. ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷം 2020ലാണ് ഇരുവരും ചേര്‍ന്ന് ടിമ്മിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
എല്ലാ റിസള്‍ട്ടുകള്‍ക്കും അപ്പുറം ടിമ്മിനെ തങ്ങളുടെ മകനായി കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഡോണ പറയുന്നത്.
ഡോണ തന്നെ ആണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്.