മൂന്നാര്‍: കാട്ടാനക്കൂട്ടം വീടു വളഞ്ഞതോടെ മണിക്കൂറുകളോളം കുടുംബം പരിഭ്രാന്തിയിലായി. മൂന്നാര്‍ നല്ലതണ്ണി ഹോളിക്രോസ് ജംഗ്ഷനിലെ ഗ്ലാഡ്സണ്‍ – ഷാലി ദമ്പതികളുടെ വീടാണ് കാട്ടാനക്കൂട്ടം വളഞ്ഞത്.
കഴിഞ്ഞ രാത്രി ഒൻപതോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. ഒരു കുട്ടിയടക്കമുള്ള സംഘം കുടുംബത്തെ ഏറെ പരിഭ്രാന്തിയിലാഴ്ത്തി.
ഷാലിയും അമ്മ മേഴ്സിയുമാണ് വീട്ടിലുണ്ടായിരുന്നത്.
മുറ്റത്തെത്തിയ കാട്ടാന മുറ്റത്തുണ്ടായിരുന്ന വാഴകളെല്ലാം ഭക്ഷിച്ച ശേഷം വീടിനോടു ചേര്‍ന്നുള്ള ഷെഡും സ്റ്റോര്‍ റൂമും തകര്‍ത്തു. വെള്ളം സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെയുള്ളവ തട്ടിത്തെറിപ്പിച്ചു. മുറ്റത്തുണ്ടായിരുന്ന പേരയിൽനിന്നു പഴങ്ങളും കാട്ടാനകൾ അകത്താക്കി.
വീട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ അഗ്നിശമനാ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് കാട്ടാനക്കൂട്ടത്തെ മടക്കിയത്.
ഷാലിയുടെ അമ്മ കാലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു.കാട്ടാന മടങ്ങിയതോടെയാണ് കുടുംബനാഥനും മക്കള്‍ക്കും വീട്ടിലേക്കു കടക്കാനായത്.