ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റനാണ് എം.എസ്. ധോണി എന്നതിൽ രണ്ടാമതൊരഭിപ്രായമില്ല. ഐസിസി ട്വന്റി-20, ഏകദിന കിരീടങ്ങൾ ധോണിയുടെ തന്ത്രങ്ങളുടെ ഫലമായി ഇന്ത്യൻ ടീം സ്വന്തമാക്കിയത് ചരിത്രം.
രാജ്യാന്തര വേദിയിൽനിന്നു പടിയിറങ്ങിയിട്ട് വർഷം നാലാകുന്നെങ്കിലും നാല്പത്തിയൊന്നുകാരനായ ധോണിയാണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എല്ലാമെല്ലാം. തലയെന്നു വിളിക്കപ്പെടുന്ന ധോണിയുടെ തലയിലുദിച്ച ഒരു തന്ത്രവും ഒരു കുതന്ത്രവുമായിരുന്നു ഐപിഎൽ 2023 ക്വാളിഫയർ ഒന്നിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ജയത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
നിലവിലെ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ ക്വാളിഫയർ ഒന്നിൽ 15 റണ്‍സിനു കീഴടക്കിയാണ് ചെന്നൈയുടെ ഫൈനൽ പ്രവേശം, ചെന്നൈയുടെ 10-ാം ഐപിഎൽ ഫൈനലിൽ. ഐപിഎൽ ചരിത്രത്തിൽ 10 തവണ ഫൈനൽ കളിക്കുന്ന ആദ്യടീമാണു ചെന്നൈ സൂപ്പർ കിംഗ്സ്.
ഈ സീസണായിരിക്കും ധോണിയുടെ അവസാന ഐപിഎൽ എന്നാണു കരുതപ്പെടുന്നത്. കിരീടത്തോടെ ധോണിക്ക് ഐപിഎൽ വേദിയിൽനിന്നു പടിയിറങ്ങാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 28നാണു ഫൈനൽ.
തന്ത്രം
ചേസിംഗിനു പേരുകേട്ട ഗുജറാത്തിനെതിരേ ചെന്നൈ മുന്നോട്ടു വച്ചത് 173 റണ്‍സ് എന്ന ലക്ഷ്യം മാത്രം. മഹീഷ് തീക്ഷണ എറിഞ്ഞ ആറാം ഓവറിലാണ് ധോണിയുടെ രാജതന്ത്രം കണ്ടത്. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരേ ധോണിയുടെ തന്ത്രപരമായ ഫീൽഡിംഗ്.
അഞ്ച് ഓവർ പേസ് ആക്രമണത്തിനുശേഷമുള്ള സ്പിൻ തന്ത്രമായിരുന്നു ധോണി മുന്നോട്ടുവച്ചത്. ഹാർദിക് സ്ട്രൈക് എടുക്കുന്നതിനു മുൻപ് ധോണി ലെഗ് സൈഡിലായിരുന്ന രവീന്ദ്ര ജഡേജയെ പോയിന്റിലേക്കു മാറ്റി. ഫോർത്ത് സ്റ്റംപ് ലൈനിൽ പന്തെറിഞ്ഞ തീക്ഷണയെ കട്ട് ചെയ്ത് ബൗണ്ടറി നേടാൻ ശ്രമിച്ച ഹാർദിക് ജഡേജയ്ക്ക് അനായാസ ക്യാച്ച് നൽകി മടങ്ങി. ഹാർദിക്കിന്റെ അഹങ്കാരത്തെ ധോണി തോല്പിച്ചുവെന്നായിരുന്നു ഈ മാസ്മരിക തന്ത്രത്തെ രവി ശാസ്ത്രി കമന്ററി ബോക്സിലിരുന്നു വിശേഷിപ്പിച്ചത്.
കുതന്ത്രം
ഗുജറാത്തിനെതിരായ ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ ധോണിയുടെ കുതന്ത്രവും ക്രിക്കറ്റ് ലോകം കണ്ടു. ഗുജറാത്ത് ഇന്നിംഗ്സിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. പേസർ മതീഷ പതിരാനയാണ് ഓവർ എറിയാനെത്തിയത്.
അതുവരെയായി ഓരോവർ മാത്രം പന്തെറിഞ്ഞ പതിരാന, ഒന്‍പത് മിനിറ്റ് ഗ്രൗണ്ടിനു പുറത്തുപോയി വിശ്രമിച്ചതിനുശേഷം തിരിച്ചെത്തിയിട്ട് അല്പനേരം മാത്രമേ ആയിരുന്നുള്ളൂ.
തിരിച്ചെത്തിയശേഷം ഗ്രൗണ്ടിൽനിന്നു വിട്ടുനിൽക്കുന്ന അത്രയും സമയം കഴിഞ്ഞു മാത്രമേ താരത്തിനു പന്തെറിയാൻ സാധിക്കുമായിരുന്നുള്ളൂ. ഇത് അന്പയർമാർ ധോണിയെ ധരിപ്പിച്ചു.
എന്നാൽ, പതിരാനയെക്കൊണ്ട് പന്തെറിയിക്കാനുള്ള തീരുമാനത്തിൽനിന്നു ധോണി പിന്മാറിയില്ല. ധോണിയും അന്പയർമാരുമായുള്ള സംസാരം നാലു മിനിറ്റോളം നീണ്ടു.
മത്സരം മനഃപൂർവം വൈകിക്കുകയും പതിരാനയെക്കൊണ്ടുതന്നെ ഓവർ എറിയിക്കാനുള്ള അവസരം ഒരുക്കുകയുമായിരുന്നു ധോണി ചെയ്തതെന്നതാണു വിമർശനം. ധോണിയുടെ നടപടിയെ സുനിൽ ഗാവസ്കർ വിമർശിച്ചു. മത്സരത്തിലെ 18, 20 ഓവറുകളും പതിരാനയാണ് എറിഞ്ഞത്, രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ഐപിഎൽ ചരിത്രത്തിൽ എം.എസ്. ധോണിയുടെ 11-ാം ഫൈനലാണ് ഞായറാഴ്ച അരങ്ങേറുക. 10 തവണ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പവും ഒരു തവണ റൈസിംഗ് പൂന സൂപ്പർ ജയ്ന്റ്സിനൊപ്പവുമാണ് ധോണിയുടെ 11 ഐപിഎൽ ഫൈനലുകൾ. പൂനയ്ക്കൊപ്പമുള്ളത് ഒഴികെയുള്ള 10 ഫൈനലിലും ചെന്നൈ ക്യാപ്റ്റനാണ് ധോണി. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫൈനൽ കളിച്ച താരവും ധോണിതന്നെ.