വി.ശ്രീകാന്ത്
സസ്പെന്സുകളില്ലാത്ത ത്രില്ലറാണ് ഊഴം. ഒന്നില്‍ നിന്നും ഏഴിലേക്കുള്ള സംവിധാന വഴിയില്‍ തഴക്കം വന്ന അനുഭവ സമ്പത്തിനെ പരീക്ഷണശാലയിലിട്ട് മെരുക്കിയെടുത്ത് പ്രേക്ഷകരെ മുന്നില്‍ കണ്ടൊരുക്കിയ ഒരു ജീത്തു ജോസഫ് ചിത്രം. മികച്ച തിരക്കഥയെ പുതുമകള്‍ നിറഞ്ഞ ആവിഷ്കരണ രീതിയോട് തുന്നിചേര്‍ത്തപ്പോള്‍ ഊഴം സമ്മാനിച്ചത് വേറിട്ടൊരു അനുഭവമാണ്. ഈ വര്‍ഷം ബോക്സ് ഓഫീസില്‍ താളം തെറ്റിയ രണ്ടു ചിത്രങ്ങളുടെ പരാജയഭാരം ഊഴത്തിലൂടെ ഇറക്കിവെക്കാനുള്ള അവസരം പൃഥ്വിരാജിന് ജീത്തു ജോസഫ് നല്കിയപ്പോള് മികവുറ്റ പ്രകടനത്തോടെ പൃഥ്വി അത് കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. അമിത പ്രതീക്ഷകളൊന്നുമില്ലാതെ തിയറ്ററില്‍ കയറിയാല്‍ ഒട്ടും നിരാശപ്പെടുത്താതെ ഊഴം നിങ്ങളെ പിടിച്ചിരുത്തും.
ക്ലാസ്മേറ്റ്സിന് ശേഷം ബാലചന്ദ്രമേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം, ജീത്തു ജോസഫ്-പൃഥ്വിരാജ് കോമ്പിനേഷനിലെ രണ്ടാമത്തെ ചിത്രം, വ്യത്യസ്തതകളുടെ ഇഷ്ട തോഴന്റെ ഏഴാമത്തെ ചിത്രം ഇങ്ങനെ നിരവധി പ്ലസ് പോയിന്റുകളുമായാണ് ഊഴം തിയറ്ററിലേക്കെത്തിയത്. ഈ സുരക്ഷാ കവചങ്ങള്‍ നല്കിയ തണലിന്റെ മറപറ്റി ബിഗ് സക്രീനില്‍ ഇടംപിടിക്കാന്‍ ഊഴം കാത്തുനില്ക്കുന്നവരുടെ ഇടയിലൂടെ കുരുക്കുകകള് ഒന്നൊന്നായി അഴിച്ച് ഊഴം വെള്ളിവെളിച്ചത്തില്‍ നന്നേ പ്രകാശിച്ചു.
പ്രതികാര സിനിമകളുടെ പട്ടികയിലേക്ക് ഊഴം കൂടി പ്രവേശിക്കുമ്പോള്‍ ഇതുവരെ കണ്ടു പരിചിതമല്ലാത്ത ആവിഷ്കാര രീതിയെ കൂട്ടുപിടിച്ച് ഊഴത്തിന് പുതിയൊരുമാനം നല്കാന് സംവിധായകന് കഴിഞ്ഞു. പക്ഷേ കണ്ടു പഴകിയ പ്രതികാര കഥകളുടെ പ്രേതം ഊഴത്തിലും നിഴലിക്കുന്നുണ്ട്. അതു തന്നെയാണ് ചിത്രത്തെ പിന്നോട്ടടിക്കുന്ന ഏക ഘടകം. സൂര്യ കൃഷ്ണമൂര്‍ത്തി (പൃഥ്വിരാജ്)യുടെ കുടുംബത്തിനുണ്ടാകുന്ന ദുരന്തവും പിന്നീട് അതിന്റെ കാരണങ്ങള്‍ തേടിയുള്ള ഓട്ടപാച്ചിലും പകരംവീട്ടലുമാണ് ചുരുക്കത്തില്‍ ഊഴം. പൃഥ്വിയുടെ അച്ഛനായി കൃഷ്ണ മൂര്‍ത്തി (ബാലചന്ദ്രമേനോന്) അനിയനായി അജ്മല്‍ (നീരജ് മാധവ്) ചിത്രത്തില്‍ എത്തുമ്പോള്‍ പൃഥ്വിയുടെ അനിയത്തി കൂട്ടിയായി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് രസ്നാ പവിത്രന്. ഈ കുടുംബത്തിലെ അമ്മ കഥാപാത്രമായി എത്തുന്നത് സീതയാണ്. കുടുംബ പശ്ചാത്തലമൊരുക്കുന്നതിലുള്ള സംവിധായകന്റെ മികവ് മറ്റ് ചിത്രങ്ങളിലെ പോലെ ഈ ചിത്രത്തിലും കാണാന്‍ കഴിയും. നായികയായി എത്തുന്ന ദിവ്യാ പിളളയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ചിത്രത്തിലുള്ളത്.നായകന്റെ നിഴലാകാതെ തന്മയത്വത്തോടെ ആ വേഷം ദിവ്യ കൈകാര്യം ചെയ്യുകയും ചെയ്തു.
പൃഥ്വിരാജ് തന്നെ ജീവന് നല്കിയ റോബിന് ഹുഡിലെ കേന്ദ്ര കഥാപാത്രവും അന്‍വറിലെ കേന്ദ്ര കഥാപാത്രവുമെല്ലാം ചിത്രത്തില്‍ എവിടെയെക്കയോവെച്ച് നമ്മേ തുറിച്ച് നോക്കുന്നുണ്ടെങ്കിലും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവയ്ക്കെല്ലാം ഒരു മറ നല്കാന് സംവിധായകന് ശ്രമിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന നിയന്ത്രിത സ്ഫോടനങ്ങളുടെ വിദഗ്ധനായാണ്് ഊഴത്തില്‍ പൃഥ്വിരാജ് വേഷമിട്ടിരിക്കുന്നത്. എഡിറ്റിംഗിന്റെ മികവും കാമറയിലെ കൈയടക്കവും പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കുമെല്ലാം ചിത്രത്തില്‍ ചേരുംപടി ചേരുംവണ്ണം ചേര്‍ന്നപ്പോള്‍ ഊഴത്തിന്റെ അഴകിന് തെളിമ കൂടി.
ത്രില്ലര്‍ ചിത്രമാകുമ്പോള്‍ പശ്ചാത്തല സംഗീതം എറിച്ചു നില്ക്കണമെന്നുള്ള കീഴ്വഴക്കം ഊഴത്തിലും സംവിധായകന് തുടരുന്നുണ്ട്.ചില സ്ഥലങ്ങളില്‍ അലോസരപ്പെടുത്തിയെങ്കിലും പശ്ചാത്തല സംഗീതം ഒരുക്കിയ അനില്‍ ജോണ്സണ് അഭിനന്ദനം അര്‍ഹിക്കുന്നു. വ്യത്യസ്തമായ രീതിയില്‍ കഥ പറഞ്ഞുപോയ ഒന്നാം പകുതിയില്‍ നിന്ന് രണ്ടാം പകുതിയലേക്കെത്തുമ്പോള് കഥയുടെ വേഗം അല്പം കുറയുന്നുണ്ട്. ഈ ചെറിയ ചെറിയ പോരോയ്മകളെ മറികടക്കാനെന്നവണ്ണം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള പൃഥ്വിരാജിന്റെ മേല്‍ക്കൈ ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട് സംവിധായകന്. പശുപതിയും ജയപ്രകാശുമെല്ലാം തലയെടുപ്പുള്ള വില്ലന്മാരായി ഊഴത്തിലുണ്ട്. ഇവരുടെ പ്രകടനത്തെ നിങ്ങള്‍ കണ്ടുതന്നെ വിലയിരുത്തുക.
ചിത്രത്തില്‍ കുടുംബ ബന്ധങ്ങളുടെ തീവ്രത സ്നേഹത്തില്‍ ചാലിച്ച ഒരു ഗാനത്തിലൂടെ നമ്മളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മരണത്തിലേക്കായി വിരിച്ച വലയില്‍പ്പെടാതെ രക്ഷപ്പെടാനായുള്ള ഓട്ടപ്പാച്ചിലിനിടെ നായകന്റെ ഓര്‍മകളെ കൂട്ടുപിടിച്ച് കഥയിലേക്ക് കൊണ്ടു പോകുന്ന രീതിയാണ് ചിത്രത്തില്‍ ജീത്തു ജോസഫ് കൊണ്ടുവരാന്‍ ശ്രമിച്ചത്. ഒന്നിനോട് ഒന്ന് ചേരുന്ന രീതിയില്‍ സീനുകളിലെ തുടര്‍ച്ച നഷ്ടപ്പെടാതെ പൃഥ്വിരാജിന്റെ പൂര്‍വകാലത്തിലേക്ക് കൊണ്ടുപോകാന്‍ എഡിറ്റര്‍ അയൂബ് ഖാന് കാട്ടിയ മിടുക്ക് പ്രശംസനീയം തന്നെ. പൃഥ്വിരാജിന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടുന്ന ചേരുവകളെല്ലാം ഊഴത്തിലുണ്ട്. പ്രതികാര കഥകള്‍ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ഒരുവട്ടം കാണാനുള്ള വകയെല്ലാം ജീത്തു ജോസഫ് ഊഴത്തില്‍ ഒരുക്കിയിട്ടുമുണ്ട്. പക്ഷേ ജീത്തു ജോസഫ് എന്ന പ്രതീക്ഷയുടെ ഭാരം പേറി ഊഴത്തിന് കയറിയാല്‍ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
(പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മുന്നില്‍ കണ്ട് ജീത്തു ജോസഫ് ആദ്യമായി ഒരുക്കിയ ത്രില്ലര്‍ ചിത്രമെന്ന് ഊഴത്തെ വിശേഷിപ്പിക്കാം. സംവിധായകന്റെ മറ്റ് ആറ് ചിത്രങ്ങളില്‍ നിന്ന് ഊഴത്തെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്.)