കൊച്ചി: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ചില്ല് ഇരുചക്രവാഹനത്തിന്റെ സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് പൊട്ടിച്ച് കാറിനുള്ളില്‍നിന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന രണ്ടംഗ സംഘത്തെ കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
തിരുവനന്തപുരം പുളിയറക്കോണം ശ്രീശൈലം എസ്.എല്‍. ശരത്(35), കോട്ടയം മുണ്ടക്കയം തോട്ടക്കാട് ടി.ടി.റിനു(35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ലുലു മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലു പൊട്ടിച്ചാണ് ബാഗും അതിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമോതിരം,
മൊബൈല്‍ ഫോണ്‍, 3000 രൂപ എന്നിവ സംഘം കവര്‍ന്നത്. കഴിഞ്ഞ 10 ദിവസമായി കൊച്ചിയില്‍ തമ്പടിച്ചാണ് സംഘം ഇത്തരത്തില്‍ കവര്‍ച്ച നടത്തിയത്. മറൈന്‍ഡ്രൈവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് 4500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു.
അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്നതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
യുട്യൂബ് വീഡിയോകള്‍ നോക്കിയാണ് പ്രതികള്‍ കവര്‍ച്ചയ്ക്ക് തയാറെടുപ്പ് നടത്തിയത്. ഗ്ലാസ് പൊട്ടിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
പ്രതികളെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസ്, എസ്ഐമാരായ സുബൈര്‍, ജോസഫ്, സിപിഒമാരായ ഷിബു, ശ്രീജിഷ്, കൃഷ്ണരാജ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.