ഐസോൾ: മിസോറാമിൽ ഗവേഷകസംഘം പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഈ പല്ലികൾക്കു വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.
അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരൽ വിളിയും മറ്റു പല്ലികൾക്കിടയിൽ ഇവയെ വ്യത്യസ്തമാക്കുന്നു. മിസോറാം സംസ്ഥാനത്തിന്റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത് – “ഗെക്കോ മിസോറമെൻസിസ്’.
ഇവയ്ക്കു സഹോദര സ്പീഷിസായ ഗെക്കോ പോപ്പേൻസിസിനോട് സാമ്യമുണ്ട്. എന്നാല്‍ രൂപഘടനയിലും നിറത്തിലും പുതിയ ഇനം വ്യത്യസ്തമാണ്.
മിസോറാം സർവകലാശാലയിലെയും ജർമനിയിലെ ട്യൂബിംഗനിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനം പല്ലിയെ കണ്ടെത്തിയത്.
ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഹെർപെറ്റോളജി പഠനത്തെക്കുറിച്ചുള്ള ജർമൻ ജേണലായ സലാമന്ദ്രയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.