ഇരിക്കൂർ: പടിയൂർ കല്ലുവയലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും, 22,000 രൂപയും കവർന്ന കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. കാസർഗോഡ് ഉപ്പള സ്വദേശിയായ കിരൺ, കൊല്ലം കൊട്ടാരക്കര സ്വദേശിയായ അഭിരാജ് എന്നിവരാണ് പിടിയിലായത്.
ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, ഇരിക്കൂർ എസ്ഐ ദിനേശൻ കൈതേരി, എസ്ഐ അബ്ദുൾ റൗഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിപിഒ ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഇന്നു പുലർച്ചെ ധർമശാലയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
കല്ലുവയല്‍ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്കുന്നേല് ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന കവർച്ചാ സംഘം വീട്ടിലെ അലമാരകൾ തകർത്താണ് സ്വർണനാണയവും സ്വർണാഭരണങ്ങളും പണവും കവർന്നത്.
വീട്ടിലെ സിസിടിവി കാമറ തകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ 16 നാണ് ബെന്നി ഗൾഫിൽ നിന്നും എത്തിയത്. ഇന്നലെ രാവിലെ ഭാര്യ ഷീബയും രണ്ടു കുട്ടികളോടുമൊപ്പം രാവിലെ 7.15 ഓടെ പള്ളിയിൽ പോയി 9.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്നതായും അലമാര തകർത്ത് തുണികൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.
തുടർന്ന് ഇരിക്കൂർ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ചതിൽനിന്നു ദുരൂഹ സാഹചര്യത്തിൽ മഞ്ഞ നിറത്തിലുള്ള സ്കൂട്ടറിൽ രണ്ട് യുവാക്കൾ ഈ ഭാഗത്ത് വന്നതായി കാമറകളിൽ കണ്ടിരുന്നു.
ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പ്രതികൾ ധർമശാലയിൽ ഉണ്ടെന്ന് അറിഞ്ഞത്. തുടർന്ന്, ഇന്ന് പുലർച്ചെയോടെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മോഷ്ടാക്കൾ പരിചയപ്പെട്ടത് ജയിലിൽ വച്ച്
കവർച്ച നടത്തി കസ്റ്റഡിയിലായ കൊട്ടാരക്കര സ്വദേശിയായ അഭിരാജും ഉപ്പള സ്വദേശിയായ കിരണും പരിചയപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്. ഇരുവരും മോഷണക്കേസിൽ ജയിലിൽ കഴിയുകയായിരുന്നു.
അഭിരാജ് ഏപ്രിൽ 27നാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഒരാഴ്ച മുന്‍പാണ് കിരണും പുറത്തിറങ്ങിയത്. തുടർന്ന്, ഇരുവരും കണ്ടുമുട്ടുകയും മോഷണം ആസൂത്രണം ചെയ്യുകയുമായിരുന്നു. അമ്മംകുളത്ത് നടത്തിയ കവർച്ചയുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.