ടെക്സാസ്: പ്രായം കുറയ്ക്കാനായി എന്തു ചെയ്യാനും തയാറാണ് വടക്കൻ ഇറ്റലിയിലെ വെനീസിലുള്ള ടെക് സംരംഭകനായ ബ്രയാൻ ജോൺസൺ. അതിനായി എത്ര പണം മുടക്കാനും മടിയില്ല.
നിലവിൽ 45 വയസുള്ള ഇദ്ദേഹം പ്രായം കുറയ്ക്കാനുള്ള പരീക്ഷണങ്ങൾക്കായി ഒരുവർഷം 16 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പല പരീക്ഷണങ്ങൾക്കും ഇതിനകം വിധേയനായ ബ്രയാൻ ജോൺസൺ പുതിയൊരു പരീക്ഷണത്തിന്റെ ഘട്ടത്തിലാണ്. തന്റെ 17 വയസുള്ള മകൻ ടാൽമേജിനെയും 70 വയസുള്ള പിതാവ് റിച്ചാർഡിനെയും ചേർത്തുകൊണ്ടുള്ള ഒരു രക്തകൈമാറ്റമാണു പുതിയ പദ്ധതിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മകന്റെ ശരീരത്തിലെ രക്തത്തിൽനിന്നു പ്ലാസ്മ വേർതിരിച്ചെടുത്ത് അത് ബ്രയാൻ ജോൺസണിന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോൾ നടക്കുന്നത്.
മകന്റെ ശരീരത്തിൽനിന്ന് ഒരു ലിറ്റർ രക്തം ശേഖരിച്ചാണ് ബ്രയാന്റെ ശരീരത്തിലേക്ക് ആവശ്യമുള്ള രക്ത ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്നത്.
അതേസമയംതന്നെ ബ്രയാൻ ജോൺസൺ തന്റെ 70 വയസുള്ള പിതാവിന് തന്റെ ശരീരത്തിൽനിന്ന് ഒരു ലിറ്റർ രക്തം ദാനം ചെയ്യും.ടെക്സാസിലെ മെഡിക്കൽ സ്പായിലാണ് ഇത് നടന്നുകൊണ്ടിരിക്കുന്നത്.
ഡോക്ടർമാർ പറയുന്നതനുസരിച്ച് ബ്രയാന്റെ യഥാർഥ പ്രായം രണ്ട് വർഷത്തിനുള്ളിൽ ശാരീരികമായി അഞ്ച് വയസ് കുറഞ്ഞിട്ടുണ്ടത്രെ. കൂടാതെ ഇദ്ദേഹത്തിന്റെ ചർമം 28കാരന്റെ ചർമത്തിനു തുല്യമാണെന്നും പറയുന്നു.