കാസര്‍ഗോഡ്: മദ്യശേഖരമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയത് വന്‍ സ്ഫോടകവസ്തുശേഖരം.
സംഭവവുമായി ബന്ധപ്പെട്ട് മുളിയാര്‍ കോലാച്ചിയടുക്കത്തെ മുസ്തഫ (42)യെ അറസ്റ്റ് ചെയ്തു. ഇന്നലെ 12.30 ഓടെയാണ് മുസ്തഫയുടെ വീട്ടില്‍ പ്രത്യേക എക്സൈസ് സംഘം പരിശോധന നടത്തിയത്.
സംഭവസമയത്ത് ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു. കാറിന്റെ ഡിക്കിയില്‍നിന്നും വീട്ടില്‍നിന്നും സ്ഫോടകവസ്തുശേഖരം കണ്ടെടുത്തു.
2800 ജലാറ്റിന്‍ സ്റ്റിക്കും മൂന്നു തരത്തിലുള്ള ഏഴായിരത്തോളം ഡിറ്റണേറ്ററുകളും ഒരു ഡൈനാമിറ്റും അഞ്ചു റോള്‍ വയറുമാണ് എക്സൈസ് സംഘം പിടികൂടിയത്.
പരിശോധന നടത്തവേ മുസ്തഫ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍തന്നെ ഇയാളെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് എക്സൈസ് സംഘം ആദൂര്‍ പോലീസിന് കൈമാറി.
കര്‍ണാടകയില്‍ നിന്നും അനധികൃതമായി മദ്യം കൊണ്ടുവന്ന് വില്പന നടത്തുന്നയാളാണ് മുസ്തഫയെന്ന് പോലീസ് പറഞ്ഞു. താന്‍ മുമ്പ് കര്‍ണാടകയില്‍ ക്വാറി നടത്തിയിരുന്നതായും കാസര്‍ഗോട്ടെ ക്വാറികളിലേക്ക് നല്‍കാനാണ് സ്ഫോടകവസ്തുക്കള്‍ എത്തിച്ചതെന്നുമാണ് മുസ്തഫ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഇയാള്‍ക്ക് ഇതിനുള്ള ലൈസന്‍സില്ല. മാത്രമല്ല ഇത്തരം സ്ഫോടകവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും ലൈസന്‍സ് ഉള്ള പ്രത്യേകസ്ഥലത്ത് മാത്രമേ സൂക്ഷിക്കാവൂ എന്നും നിയമമുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ആദൂര്‍ ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാര്‍ പറഞ്ഞു.